വിദേശത്തുനിന്ന് നേരിട്ട് തൊഴിലാളികളെ നിയമിക്കാം; പുതിയ ഡിജിറ്റല്‍ വര്‍ക്ക് പെര്‍മിറ്റ് സേവനവുമായി യു.എ.ഇ
ഷീബ വിജയൻ
വിദേശ രാജ്യങ്ങളില്‍നിന്ന് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഡിജിറ്റല്‍ വര്‍ക്ക് പെര്‍മിറ്റ് (തൊഴില്‍ പെര്‍മിറ്റ്) സേവനത്തിന് യു.എ.ഇ തുടക്കമിട്ടു. യു.എ.ഇയുടെ പുറത്തുനിന്നും യോഗ്യരായ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (മൊഹ്റേ) പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുത്തിയത്. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് ഈ സേവനം ലഭ്യമാകുക. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്കും അംഗീകൃത മാര്‍ഗ നിര്‍ദേശങ്ങള്‍ക്കും വിധേയമായി വിദേശത്തുനിന്ന് തൊഴിലാളികളെ നിയമിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും ആവശ്യമായ രേഖകള്‍ നല്‍കുന്നതും ഉള്‍പ്പെടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ ചാനലുകള്‍ വഴി ഓണ്‍ലൈനായി പൂര്‍ത്തിയാക്കാം.
അപേക്ഷകളും ആവശ്യമായ രേഖകളും മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴി പൂര്‍ണമായും സമര്‍പ്പിക്കാം. വിദേശത്തുനിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ചെലവ്, സര്‍ക്കാര്‍ ഫീസുകള്‍, ഇന്‍ഷുറന്‍സ്, നിയമപരമായ മറ്റ് വിഹിതങ്ങള്‍/ഗ്യാരന്റികള്‍ എന്നിവ പൂര്‍ണമായും തൊഴിലുടമയുടെ ബാധ്യതയാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നതിന്റെയും ഭരണ നിര്‍വഹണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം എളുപ്പത്തിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.
ddsdfsdsdfs

