കേരള സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ബഹ്‌റൈനിലെത്തുന്നു; മലയാളം മിഷൻ പ്രവേശനോത്സവവും ‘അരുദ്ര’ മെഗാ തിരുവാതിരയും ഉദ്ഘാടനം ചെയ്യും
പ്രദീപ് പുറവങ്കര
മനാമ:
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ന് കൂടുതൽ തിളക്കമേകി കേരള സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് വെള്ളിയാഴ്ച ബഹ്‌റൈനിൽ എത്തും. സാംസ്കാരിക മന്ത്രിയായി ചുമതലയേറ്റ ശേഷം മന്ത്രി പങ്കെടുക്കുന്ന ആദ്യ മലയാളം മിഷൻ ചാപ്റ്റർ ചടങ്ങ് കൂടിയാണിത്.
ബഹ്‌റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2026-27 അധ്യായന വർഷത്തെ ക്ലാസുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവം സെപ്റ്റംബർ 11-ന് രാവിലെ 10 മണിക്ക് സമാജം വേദിയിൽ നടക്കും. പ്രവാസി സമൂഹത്തിൽ മാതൃഭാഷാ പഠനം ശക്തമാക്കുന്ന മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് മന്ത്രിയുടെ സന്ദർശനം പുതിയ ഊർജം പകരും.
2011 മുതൽ സമാജത്തിൽ പ്രവർത്തിച്ചുവരുന്ന മലയാളം മിഷൻ, എല്ലാ കോഴ്സുകളും പൂർത്തിയാക്കിയ പഠിതാക്കളുള്ളതും പത്താംതരം തുല്യത കോഴ്സായ നീലക്കുറിഞ്ഞി സീനിയർ ഡിപ്ലോമ പരീക്ഷ നടന്നതുമായ ഏക വിദേശ പഠന കേന്ദ്രമാണ്. കേരള സർക്കാരിന്റെ സുഗതാഞ്ജലി പുരസ്കാരവും സമാജം നേടിയിട്ടുണ്ട്. ആയിരത്തോളം കുട്ടികൾ മാതൃഭാഷ അഭ്യസിക്കുന്ന പാഠശാലയിൽ അമ്പതോളം അധ്യാപകരും ഇരുപത്തഞ്ചിൽപ്പരം ഭാഷാ പ്രവർത്തകരും സന്നദ്ധ സേവനം നടത്തുന്നുണ്ട്.
തുടർന്ന് വൈകിട്ട് 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ബി.കെ.എസ് വനിതാ വേദി അവതരിപ്പിക്കുന്ന ‘അരുദ്ര’ മെഗാ തിരുവാതിരയും മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ തനത് കലാപാരമ്പര്യവും സ്ത്രീകളുടെ കൂട്ടായ്മയും ആഘോഷമാക്കുന്ന ഈ മെഗാ തിരുവാതിര ‘ശ്രാവണം 2026’-ലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക വിരുന്നായി മാറും.
പ്രവാസി മലയാളികളുടെ സാംസ്കാരിക പൈതൃകവും കേരളത്തിന്റെ കലാ-സാംസ്കാരിക പാരമ്പര്യവും ഒരുമിപ്പിക്കുന്ന ഈ രണ്ട് പ്രധാന പരിപാടികളിലേക്കും ബഹ്‌റൈനിലെ മുഴുവൻ മലയാളി സുഹൃത്തുക്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപ്പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കമ്മിറ്റി ചെയർമാൻ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.
sdfsdf

