അബുദാബിയിലെ ക്ഷേത്ര നിർമ്മാണം: പുരോഗതി വിലയിരുത്തി ശൈഖ് അബ്ദുല്ല

അബുദാബി: അബുദാബി അബു മുറൈഖയിലെ ക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ക്ഷേത്ര നിർമാണച്ചുമതലയുള്ള ബാപ്സ് സന്യാസി ബ്രഹ്മവിഹാരി ദാസുമായി അൽ ഐനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ് അബ്ദുല്ല കാര്യങ്ങൾ അന്വേഷിച്ചത്.
പൗരാണിക ശില്പകലകളുടെ സംഗമവേദിയെന്നതിലുപരി ആയിരക്കണക്കിന് വർഷങ്ങളിലേക്കുള്ള കലയുടെയും സംസ്കൃതിയുടെയും പുതിയ അധ്യായമാണ് ഇതിലൂടെ തുറക്കപ്പെടുന്നതെന്ന് ബ്രഹ്മവിഹാരി പറഞ്ഞു. ഇന്ത്യ-യു.എ.ഇ. സൗഹൃദത്തിന്റെ അടിത്തറ ശക്തമാക്കുന്ന പ്രവർത്തനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 2022-ൽ ക്ഷേത്രനിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.