പ്രവാസികൾ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം മാറ്റി; വന്ദേ ഭാരത് വിമാനങ്ങളിൽ സീറ്റുകൾ ബാക്കി
ദുബൈ: യു.എ.ഇയിൽ കോവിഡ് 19 വൈറസ് വ്യാപനം കുറഞ്ഞതോടെ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം നിരവധി പ്രവാസികൾ മാറ്റി. ഇതോടെ വന്ദേ ഭാരത് വിമാനങ്ങളിൽ നിരവധി സീറ്റുകളാണ് ഒഴിവുള്ളത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവ്‍വീസുകളിൽ നിരവധി സീറ്റുകൾ ഒഴിവുണ്ടെന്നും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
ഓഗസ്റ്റ് 15 വരെയുള്ള 90ഓളം വിമാനങ്ങളിലേക്ക് ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓഗസ്റ്റ് 16 മുതൽ 31 വരെയുള്ള വിമാനങ്ങളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇതിന് പുറമെ എമിറേറ്റ്സ്, ഫ്ലൈ ദുബൈ്, എയർ അറേബ്യ, സ്പൈസ് ജെറ്റ്, ഇന്റിഗോ, ഗോ എയർ തുടങ്ങിയ വിമാനക്കന്പനികൾ ദുബൈ, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നൂറോളം സർവ്വീസുകൾ നടത്തുന്നുണ്ട്. ഈ വിമാനങ്ങളിലേക്കെല്ലാം ഉള്ള ടിക്കറ്റുകൾ അതത് കന്പനികളുടെ വെബ്സൈറ്റുകളിലോ ട്രാവൽ ഏജൻസികൾ വഴിയോ ലഭ്യമാവും.
അതേസമയം മെയ് ഏഴ് മുതൽ ആരംഭിച്ച പ്രത്യേക വിമാന സർവ്‍വീസുകൾ ഉപയോഗപ്പെടുത്തി 2,75,000 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയതായി കോൺസുലേറ്റ് അറിയിച്ചു. വന്ദേ ഭാരത് ദൗത്യം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം അഞ്ച് ലക്ഷത്തിലധികം പേരാണ് നാട്ടിലേക്ക് മടങ്ങാനായി വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്തതെങ്കിലും ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ പ്രവാസികൾ തയ്യാറാകുന്നില്ല.



