ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കരുതെന്ന് ഇസ്രായേലിന് ട്രംപിന്റെ കർശന നിർദേശം
ഷീബ വിജയൻ
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ, ഇറാന്റെ ഊർജ നിലയങ്ങളെ ലക്ഷ്യം വെക്കരുതെന്ന് ഇസ്രായേലിന് കർശന നിർദേശം നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഊർജ നിലയങ്ങൾ ആക്രമിക്കപ്പെടുന്നത് ആഗോളതലത്തിൽ എണ്ണ, പ്രകൃതിവാതക വില വർധിക്കാൻ കാരണമാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ട്രംപിന്റെ ഇടപെടൽ. ഇത്തരം ആക്രമണങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് താൻ നെതന്യാഹുവുമായി സംസാരിച്ചുവെന്നും ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
നേരത്തെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഇവിടുത്തെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ചെങ്കടലിലെ സൗദി അറേബ്യയുടെ പ്രധാന തുറമുഖത്തിന് നേരെയും ആക്രമണമുണ്ടായി. ഈ സാഹചര്യത്തിലാണ് മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അമേരിക്ക നേരിട്ട് ഇടപെടുന്നത്. മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈനികരെ അയക്കുന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും കരസേനയെ വിന്യസിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ട്രംപ് അറിയിച്ചു.
അതേസമയം, ഇറാന്റെ ആണവ-മിസൈൽ ശേഷികൾ തകർക്കപ്പെട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. 20 ദിവസം നീണ്ട യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് ശേഷം ഇറാനു ഇനി യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ ഉള്ള ശേഷിയില്ലെന്ന് നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രംപിന്റെ നിർദ്ദേശപ്രകാരം ഇനി ഊർജ നിലയങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.
desdesdfs



