കാസർകോട് നിയമസഭാ മണ്ഡലം: ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും
ശാരിക
കാസർഗോഡ്: കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി ഷാനവാസ് പാദൂർ മത്സരിക്കും. സിപിഐഎം, ഐഎൻഎൽ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഔദ്യോഗികമായി നടക്കും. ആദ്യഘട്ടത്തിൽ മഞ്ചേശ്വരത്താണ് ഷാനവാസ് പാദൂരിനെ പരിഗണിച്ചിരുന്നതെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിപിഐഎം അത് മാറ്റുകയായിരുന്നു.
പിന്നീട് കാസർകോട് മത്സരിക്കാനുള്ള പാർട്ടി നിർദ്ദേശത്തോട് ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ച അദ്ദേഹം, ഐഎൻഎല്ലുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമ്മതം അറിയിച്ചത്. ഐഎൻഎല്ലിന്റെ സീറ്റായ കാസർകോട് ഷാനവാസ് പാദൂരിനായി വിട്ടുനൽകാൻ അവർ തയ്യാറായതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
യുഡിഎഫ് സ്ഥാനാർത്ഥിയായി കല്ലട്ര മാഹിൻ ഹാജിയും എൻഡിഎക്കായി എം എൽ അശ്വിനിയുമാണ് ഇവിടെ ജനവിധി തേടുന്നത്. 2011 മുതൽ എൻ എ നെല്ലിക്കുന്ന് പ്രതിനിധീകരിക്കുന്ന കാസർകോട് മണ്ഡലം കാലങ്ങളായി മുസ്ലിം ലീഗിന്റെ കരുത്തുറ്റ കോട്ടയാണ്.
ssadasf



