വിദ്യാർഥികൾക്ക് ഒരു വർഷ വീസ
അബുദാബി: യുഎഇയിൽ രക്ഷിതാക്കളുടെ സ്പോൺസർഷിപ്പിലുള്ള വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാനോ തൊഴിൽ കണ്ടെത്താനോ ഒരു വർഷ കാലാവധിയുള്ള വീസ നൽകുന്നു. തുല്യ കാലയളവിലേക്കു പുതുക്കി നൽകുകയും ചെയ്യും. നിലവിൽ 18 വയസ്സ് കഴിഞ്ഞ വിദ്യാർഥികളുടെ വീസ പുതുക്കാൻ രക്ഷിതാക്കൾ നേരിട്ട് എമിഗ്രേഷനിലെത്തി അപേക്ഷ സമർപ്പിക്കുകയും 5000 ദിർഹം സെക്യൂരിറ്റിയായി കെട്ടിവയ്ക്കുകയും ചെയ്യണമായിരുന്നു. പുതിയ തീരുമാനമനുസരിച്ച് സാധാരണ വീസ പുതുക്കുന്നതുപോലെ എമിഗ്രേഷനിലോ തസ്ഹീൽ സെന്ററിലോ ചെന്നു പുതുക്കാനാകും.
സെക്കൻഡറി/കോളജ് വിദ്യാർഥികൾ, ജൂൺ 15ന് 18 വയസ്സ് കഴിഞ്ഞവർ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പഠനം പൂർത്തിയാക്കിയവർക്ക് ജോലി അന്വേഷിക്കാനായി 1 വർഷത്തേക്ക് വീസ പുതുക്കി നൽകാനും തീരുമാനിച്ചു. 100 ദിർഹമാണ് വീസാ ഫീസ്. യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് സൗകര്യമൊരുക്കുകയാണു പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിലെ വിദേശകാര്യാലയ വിഭാഗം ഡയറക്ടർ ജനറൽ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു.
ഇതാദ്യമായാണ് യുഎഇയിൽ വിദ്യാർഥികൾക്ക് 1 വർഷ കാലാവധിയുള്ള വീസ നൽകുന്നത്. അപേക്ഷയോടൊപ്പം പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റും ഹാജരാക്കണം.

