ഒക്ടോബറിൽ ബഹ്റൈൻ പാർലമെന്റ് പുനരാരംഭിക്കും; ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പും കോർപ്പറേറ്റ് നികുതിയും പ്രധാന ചർച്ചാവിഷയങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: ഒക്ടോബറിൽ പാർലമെന്റ് സമ്മേളനം പുനരാരംഭിക്കുമ്പോൾ, സംസ്ഥാന ബജറ്റ്, കോർപ്പറേറ്റ് നികുതി, പുതിയ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കൽ എന്നിവയുൾപ്പെടെ നിരവധി നിർണായക നിയമനിർമ്മാണങ്ങളും ജനക്ഷേമ പദ്ധതികളും പാസാക്കേണ്ട ഭാരിച്ച ചുമതലയിൽ എം.പിമാർ. നിലവിലെ നിയമനിർമ്മാണ സഭയുടെ അഞ്ചാമത്തെയും അവസാനത്തെയും സമ്മേളനത്തിനായി കൗൺസിൽ ഓഫ് റെപ്രസെന്റേറ്റീവ്‌സും ശൂറാ കൗൺസിലും അടങ്ങുന്ന നാഷണൽ അസംബ്ലി ഒക്ടോബർ 11 ഞായറാഴ്ച സമ്മേളിക്കുമെന്നാണ് സൂചന. ഭരണഘടനാനുസൃതമായി ഹമദ് രാജാവിന്റെ രാജകീയ ഉത്തരവിലൂടെയാണ് സഭ വിളിച്ചുചേർക്കുന്നത്.
അബ്ദുൽനബി സൽമാന്റെ അംഗത്വം മെയ് മാസത്തിൽ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പാണ് ആദ്യ ദിനങ്ങളിൽ നടക്കുക. ഡോ. ഹിഷാം അൽ അഷീരി, ഫിനാൻഷ്യൽ ആന്റ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ സല്ലൂം, എം.പി സൈനബ് അബ്ദുൽ അമീർ എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
സംസ്ഥാന ബജറ്റ്, കോർപ്പറേറ്റ് നികുതി, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള (SME) ദേശീയ ഫണ്ട് രൂപീകരണം എന്നിവ സമ്മേളനത്തിൽ ചർച്ചയാകും. ഭീകരവാദ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാ ഭേദഗതികളും പാർലമെന്റിന്റെ പരിഗണനയിലുണ്ട്. കുറ്റവാളികളുടെ പുനരധിവാസ കാലയളവ് കുറയ്ക്കാനുള്ള ബില്ലും സഭ വിലയിരുത്തും. ഗുരുതര കുറ്റകൃത്യങ്ങളിൽ ഇത് രണ്ടു വർഷത്തിൽ നിന്ന് മൂന്ന് മാസമായും, നിസ്സാര കുറ്റങ്ങളിൽ ഒരു വർഷത്തിൽ നിന്ന് ഒരു മാസമായും കുറയ്ക്കാനാണ് നിർദ്ദേശം.
കൂടാതെ, 50,000 ദീനാർ വരെ പിഴ വ്യവസ്ഥ ചെയ്യുന്ന പുതിയ കെട്ടിട നിർമ്മാണ നിയമവും (Building Law) സഭയുടെ പരിഗണനയ്ക്ക് വരും. ഇതനുസരിച്ച് നിർദ്ദിഷ്ട സമയങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കാനും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.
ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഹൈവേ വികസനം (2027 ആരംഭത്തിൽ പണി തുടങ്ങും), സിത്ര സെൻട്രൽ മാർക്കറ്റ് നവീകരണം, മത്സ്യത്തൊഴിലാളികൾക്കുള്ള സഹായങ്ങൾ എന്നിവയും എം.പിമാർ ഉന്നയിക്കും. ഒന്നിലധികം ബഹ്‌റൈനി കുടുംബങ്ങൾ ഒരുമിച്ച് താമസിക്കുന്ന വീടുകളിലെ വൈദ്യുതി സബ്‌സിഡി പുനഃക്രമീകരിക്കുന്നത് സംബന്ധിച്ച വിഷയത്തിലും മന്ത്രാലയത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്. നിലവിലെ കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി ബില്ലുകളും പൊതുജന ആവശ്യങ്ങളും തീർപ്പാക്കാനുള്ള തയാറെടുപ്പിലാണ് എം.പിമാർ.
aa

