ബഹ്‌റൈൻ - ജപ്പാൻ സാമ്പത്തിക, വ്യാപാര സഹകരണം ശക്തമാക്കും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ബഹ്‌റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയും ജപ്പാൻ സാമ്പത്തിക, വ്യാപാര, വ്യവസായ സംസ്ഥാന മന്ത്രി കെൻജി യമാദയും മനാമയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റുവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ബഹ്‌റൈനും ജപ്പാനും തമ്മിലുള്ള ദീർഘകാല ബന്ധത്തെ ശൈഖ് സൽമാൻ ബിൻ ഖലീഫ എടുത്തുപറഞ്ഞു. സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ പരസ്പര സഹകരണം കൂടുതൽ വിപുലമാക്കാൻ ഇരുരാജ്യങ്ങൾക്കും താല്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ കരാറുകളുടെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിൽ സഹകരണം ശക്തമാക്കുന്നത് പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇരു ജനവിഭാഗങ്ങൾക്കും നേട്ടമുണ്ടാക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സാധ്യതകളും, പൊതു താല്പര്യമുള്ള വിവിധ വിഷയങ്ങളും, ആഗോള സാമ്പത്തിക രംഗത്തെ പുതിയ ചലനങ്ങളും ചർച്ചയായി. ബഹ്‌റൈൻ മുംതലകാത്ത് ഹോൾഡിംഗ് കമ്പനി സി.ഇ.ഒ ശൈഖ് അബ്ദുള്ള ബിൻ ഖലീഫ അൽ ഖലീഫ, ബഹ്‌റൈനിലെ ജപ്പാൻ അംബാസഡർ അസാകോ ഒകാ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
aa

