സ്വകാര്യ ബസുകളുടെ വീഴ്ച ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി റൂട്ടുകളിൽ മാറ്റത്തിന് ശുപാർശ
ഷീബ വിജയൻ
സ്വകാര്യ ബസ് മേഖലയിലുണ്ടായ നഷ്ടം പഠിക്കാൻ നിയോഗിച്ച മുൻ ഡി.ജി.പി കെ. പത്മകുമാറിന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ മേഖലയിലെ ബസ്സുകൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് നികത്താൻ കെ.എസ്.ആർ.ടി.സിയുടെ ഷെഡ്യൂളുകൾ പരിഷ്കരിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. പ്രതിദിനം 1500 മുതൽ 6000 രൂപ വരെ സ്വകാര്യ ബസുകൾക്ക് നഷ്ടമുണ്ടാകുന്നുണ്ടെന്ന വാദം സമിതി ശരിവെച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സമിതി സിറ്റിങ് നടത്തിയിരുന്നു. സെപ്തംബർ 30 വരെയുള്ള നികുതി അടച്ചതിനാൽ സർക്കാരിന്റെ തുടർനടപടികൾ നിരീക്ഷിച്ച ശേഷമേ ബസ് ഉടമകൾ തീരുമാനമെടുക്കൂ. ഒരു മാസത്തിനിടെ 3.81 കോടി സൗജന്യ യാത്രകൾ നടന്ന പദ്ധതി സർക്കാരിന് മികച്ച നേട്ടമാണ്.

