12 കോടിയുടെ ബിറ്റ്കോയിൻ തട്ടിപ്പ് : വൻ സംഘം ദുബൈയിൽ പിടിയിൽ
ദുബൈ : ദുബൈയിൽ 12 കോടിയുടെ ബിറ്റ് കോയിൻ തട്ടിപ്പ് നടത്തിയ 10 അംഗ സംഘം പിടിയിൽ. ബിറ്റ്കോയിൻ വാങ്ങാൻ ദുബൈയിൽ എത്തിയ ഏഷ്യൻ സഹോദരങ്ങളെയാണ് ഇവർ കബളിപ്പിച്ചത്. സംഘത്തിൽ നിന്നും ഏഴ് മില്യൺ ദിർഹവും കണ്ടെത്തി. ബിറ്റ് കോയിൻ വിൽക്കുന്നവരാണെന്ന് പരിചയപ്പെടുത്തി സഹോദരങ്ങളെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഇവരെ ആക്രമിച്ച ശേഷം സംഘം പണവുമായി മുങ്ങുകയുമായിരുന്നു. ഒാപ്പറേഷൻ റൂമിൽ അൽ മുറാബാക്ത് ഭാഗത്ത് ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടന്നുവെന്ന വിവരം ലഭിച്ചത് ഏപ്രിൽ 25നാണെന്ന് ദുബൈ പോലീസ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) ലഫ്. കേണൽ അദേൽ അൽ ജോകർ പറഞ്ഞു.
ബിറ്റ്കോയിൻ വിൽക്കുന്ന സംഘത്തെ തേടിയാണ് ഏഷ്യൻ സഹോദരൻമാർ എത്തിയത്. ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് സംഘം പണം തട്ടിയത്. മറ്റൊരു വ്യക്തിയോട് കള്ളം പറഞ്ഞ് അദ്ദേഹത്തിന്റെ സ്ഥാപനം ഉപയോഗിച്ചാണ് സംഘം കൃത്യം നടത്തിയത്. ഒാഫീസും ലൈസൻസും വിൽക്കാനുണ്ടെന്ന് പരസ്യം നൽകിയ വ്യക്തിയോട് ഇവ വാങ്ങാൻ താൽപര്യമുണ്ടെന്നും ഓഫീസ് പരിശോധിക്കാൻ താക്കോൽ നൽകണമെന്നും ആവശ്യപ്പെട്ട് കൃത്യം നടത്തിയ സംഘത്തിലെ തലവൻ എത്തുകയായിരുന്നു.
ഈ അവസരം മുതലെടുത്ത് പ്രതികൾ സഹോദരൻമാരോട് തങ്ങളുടെ ഓഫീസ് ഇതാണെന്നും അവിടെ വരണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ ആറു പേരാണ് സഹോദരങ്ങൾക്കൊപ്പം ഒാഫീസിൽ പ്രവേശിച്ചത് ബാക്കിയുള്ളവർ പുറത്ത് കാത്തുനിന്നു. സഹോദരങ്ങൾ ഓഫീസിൽ എത്തിയപ്പോൾ സംഘത്തിലുള്ളവർ ഇവരെ ആക്രമിച്ചു. രണ്ടു പേരുടെയും കൈകൾ കെട്ടിയിടുകയും മുറിക്കുള്ളിൽ അടച്ചിടുകയും ചെയ്ത ശേഷം പണവുമായി കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

