ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആർടിസി കണ്ടക്ടറായി ടോമിൻ ജെ. തച്ചങ്കരി
തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ചുമതലയേറ്റതിനു പിന്നാലെ ബസ് കണ്ടക്ടറായി ടോമിൻ ജെ. തച്ചങ്കരി. ലോക തൊഴിലാളി ദിനത്തിലാണ്, കെഎസ്ആർടിസി എംഡിയും ചെയർമാനുമായ തച്ചങ്കരി ബസ് കണ്ടക്ടറായത്. ഇന്നു രാവിലെ 10.45നു പുറപ്പെട്ട തിരുവനന്തപുരം–ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചറിലാണ് തിരുവല്ല വരെ തച്ചങ്കരി നേരിട്ടെത്തി ടിക്കറ്റ് നൽകിയത്.
ഇന്നലെയാണ് കെഎസ്ആർടിസി കണ്ടക്ടർ ലൈസൻസിനുള്ള പരീക്ഷ തച്ചങ്കരി പാസായത്. ആകെയുള്ള 20 ചോദ്യങ്ങളിൽ 19നും ശരിയുത്തരം നൽകിക്കൊണ്ടായിരുന്നു ഇത്. മൂന്നുവർഷത്തെ കാലാവധിയുള്ള ലൈസൻസാണ് ലഭിച്ചിരിക്കുന്നത്. ലൈസൻസ് കയ്യിൽ കിട്ടിയതോടെ കണ്ടക്ടർ യൂണിഫോമും ബാഗുമൊക്കെ തയാറാക്കി, ടിക്കറ്റ് മെഷീൻ ഉപയോഗവും പഠിച്ച് ജോലിക്കു കയറുകയായിരുന്നു അദ്ദേഹം.
അധികം വൈകാതെ ഡ്രൈവറുടെ വേഷത്തിലും തച്ചങ്കരിയെത്തും. ഹൈവി വെഹിക്കിൾ ഡ്രൈവർ ലൈസൻസിനായി അപേക്ഷ നൽകിക്കഴിഞ്ഞു. 20 ദിവസത്തിനകം ലൈസൻസ് കിട്ടുമെന്നാണു പ്രതീക്ഷ.

