ദുബൈയിലെത്തിയ വിനോദ സഞ്ചാരികളിൽ ഇന്ത്യക്കാർ മുന്നിൽ
ദുബൈ : ദുബൈയിൽ സന്ദർശനം നടത്തിയ വിനോദ സഞ്ചാരികളിൽ ഇന്ത്യക്കാർ മുന്നിൽ. ഈ വർഷം ആദ്യത്തെ മൂന്നു മാസം മാത്രം ഇന്ത്യയിൽ നിന്നും ആറു ലക്ഷത്തിൽ അധികം വിനോദ സഞ്ചാരികൾ ദുബൈയിൽ എത്തിയെന്നാണ് കണക്ക്. മുൻ വർഷത്തേക്കാൾ ആറു ശതമാനത്തിന്റെ വർദ്ധനവ്. 4.7 മില്യൺ രാജ്യാന്തര വിനോദ സഞ്ചാരികളെയാണ് 2018 ജനുവരി-മാർച്ച് വരെ ദുബൈയിൽ എത്തിയതെന്ന് ദുബൈ ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് (ദുബൈ ടൂറിസം) അറിയിച്ചു.
ഇന്ത്യയിൽ നിന്ന് ആദ്യ മൂന്നു മാസത്തിനുള്ളിൽ 617,000 സഞ്ചാരികൾ എത്തി. സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത് (മുൻ വർഷത്തേക്കാൾ ഒരു ശതമാനത്തിന്റെ കുറവ്). എട്ടു ശതമാനം സഞ്ചാരികളുടെ കുറവ് രേഖപ്പെടുത്തിയെങ്കിലും യു.കെ മൂന്നാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്ത് എത്തിയ റഷ്യ മുൻവർഷത്തേക്കാൾ 106 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാക്കിയത്. 259,000 വിനോദ സഞ്ചാരികൾ ആണ് റഷ്യയിൽ നിന്നും എത്തിയത്. റഷ്യൻ പൗരൻമാർക്ക് കഴിഞ്ഞ വർഷം മുതൽ അനുവദിച്ച വിസ ഒാൺ അറൈവൽ സൗകര്യം സഞ്ചാരികൾ പ്രയോജനപ്പെടുത്തുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

