യു എ ഇയിൽ വളർത്തുപൂച്ചയോട് ക്രൂരത, പ്രതിഷേധം ശക്തമായി; ഒടുവിൽ മാപ്പപേക്ഷ


ശാരിക

ദുബൈ: പൂച്ചയോട് ക്രൂരത കാട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് യു.എ.ഇയിലെ മൃഗസ്‌നേഹികളും സംരക്ഷകരും പ്രതിഷേധവുമായി രംഗത്തെത്തി. ചാരനിറത്തിലുള്ള തന്റെ വളർത്തുപൂച്ചയുടെ കഴുത്തിൽ മൂർച്ചയുള്ള കത്തി വെക്കുന്നതും, കാലുകൾ കൊണ്ട് കഴുത്തിൽ അമർത്തി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

വിനോദത്തിനായുള്ള ‘തമാശ’ എന്ന പേരിലാണ് ദൃശ്യങ്ങൾ പങ്കുവെച്ചതെങ്കിലും, മൃഗസ്‌നേഹികൾക്കിടയിൽ ഇത് കടുത്ത അമർഷത്തിനും ആശങ്കയ്ക്കും ഇടയാക്കി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധിയാളുകൾ ദുബൈ പോലീസിന്റെ സൈബർ ക്രൈം വിഭാഗത്തെയും മറ്റ് അധികൃതരെയും സമീപിച്ചു. പ്രതിഷേധം ശക്തമായതോടെ, വീഡിയോ ചിത്രീകരിച്ച വ്യക്തി മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റിമോട്ട് റെസ്ക്യൂസ്’ എന്ന മൃഗസംരക്ഷണ കൂട്ടായ്മയാണ് ഈ വിഷയം ആദ്യം സോഷ്യൽ മീഡിയയിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജനശ്രദ്ധ നേടുന്നതിനായി മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ കാണുമ്പോൾ ഉടൻ തെളിവുകൾ സഹിതം അധികൃതരെ അറിയിക്കണമെന്നും ഇവർ അഭ്യർഥിച്ചു.

ശബ്ദമുയർത്താൻ കഴിയാത്ത മൃഗങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ട ബാധ്യത മനുഷ്യർക്കുണ്ടെന്ന് വ്യക്തമാക്കി പ്രാദേശിക മൃഗസംരക്ഷകരും പോലീസിൽ പരാതി നൽകി. ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വീഡിയോ ചിത്രീകരിച്ചയാൾ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. തന്റെ പ്രിയപ്പെട്ട വളർത്തുപൂച്ചയോട് തമാശയ്ക്കാണ് ഇത്തരത്തിൽ പെരുമാറിയതെന്നും, സംഭവിച്ചതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും ഇയാൾ കുറിച്ചു. തെറ്റിദ്ധാരണ വെച്ചുപുലർത്തരുതെന്നും മേലിൽ ഇത്തരം ക്രൂരമായ വീഡിയോകൾ ഉണ്ടാക്കില്ലെന്ന് ഉറപ്പുനൽകുന്നുവെന്നും ഇയാൾ പൊതുസമൂഹത്തോട് വ്യക്തമാക്കി.

മൃഗങ്ങളോടുുള്ള ക്രൂരതയ്‌ക്കെതിരെ കടുത്ത നിയമനടപടികളാണ് യു.എ.ഇയിൽ നിലവിലുള്ളത്. 2021-ലെ ഫെഡറൽ ഓർഡിനൻസ് പ്രകാരം വളർത്തുമൃഗങ്ങളെ പീഡിപ്പിക്കുകയോ, ഉപദ്രവിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്യുന്നവർക്ക് തടവുശിക്ഷയും 10,000 ദിർഹം വരെ പിഴയും ലഭിക്കും. കൂടാതെ, മൃഗങ്ങളെ നിയമവിരുദ്ധമായി ഉപയോഗിക്കുകയോ പരിക്കേറ്റ മൃഗങ്ങളെ വിൽക്കുകയോ ചെയ്യുന്നവർക്ക് 2,00,000 ദിർഹം വരെ പിഴ ചുമത്താനും രാജ്യത്തെ നിയമത്തിൽ വ്യവസ്ഥയുണ്ട്. മൃഗക്ഷേമം ഉറപ്പാക്കാൻ യു.എ.ഇ ഭരണകൂടം നിരന്തരം കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.

article-image

aasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed