പൈലറ്റുമാർ തമ്മിൽ തർക്കം; ദുബായ്-ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി
ശാരിക
ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം എമർജൻസി സന്ദേശം നൽകിയതിനെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയതായി റിപ്പോർട്ട്. വിമാനത്തിനുള്ളിൽ പൈലറ്റുമാർ തമ്മിലുണ്ടായ കടുത്ത തർക്കമാണ് 'നിയമവിരുദ്ധ ഇടപെടൽ' , പൊതുവായ അടിയന്തര സാഹചര്യം എന്നിവ സൂചിപ്പിക്കുന്ന എമർജൻസി കോഡുകൾ അയക്കാൻ കാരണമായതെന്ന് ഇസ്രായേൽ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.
വിമാനത്തിൽ നിന്ന് എമർജൻസി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇസ്രായേലിൽ വൻ സുരക്ഷാ ആശങ്കയുയർന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഐ.ഡി.എഫ് (IDF) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീറിന്റെ നേതൃത്വത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നതായി സൈന്യം വ്യക്തമാക്കി. ഇസ്രായേൽ വ്യോമസേനാ മേധാവി മേജർ ജനറൽ ഒമർ ടിഷ്‌ലർ, ഓപ്പറേഷൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഇറ്റ്‌സിക് കോഹൻ, ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഷ്ലോമി ബിൻഡർ എന്നിവർ അടിയന്തര യോഗത്തിൽ പങ്കെടുത്തു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ വിമാനക്കമ്പനിയോ സൗദി അധികൃതരോ പുറത്തുവിട്ടിട്ടില്ല.
dsfds

