പ്രവാസികളുടെ മുഴുവൻ സ്വപ്നങ്ങളും നിറവേറ്റും : മോദി
അബുദാബി : യു.എ.ഇയിൽ ആദ്യമായി നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ദുബൈ ഒപ്പേരയിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. തുടർന്ന് ഇന്ത്യൻ സമൂഹവുമായി മോദി സംവദിച്ചു. പ്രവാസികളുടെ മുഴുവൻ സ്വപ്നങ്ങളും സമയബന്ധിതമായി നിറവേറ്റുമെന്ന് മോദി പറഞ്ഞു. നോട്ട് നിരോധത്തിലും ജി.എസ്.ടിയിലും സാധാരണക്കാർ തനിക്കൊപ്പം നിന്നെന്നും മോദി പറഞ്ഞു.
യു.എ.ഇ ആകട്ടെ, മറ്റേതെങ്കിലും ഗൾഫ് രാജ്യമാകട്ടെ ഇന്ത്യയ്ക്ക് അവരുമായുള്ള ബന്ധം കൊടുക്കൽ വാങ്ങലിന് അപ്പുറത്തേതാണ്. ഏതാണ്ട് 30 ലക്ഷത്തോളം ഇന്ത്യാക്കാർ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം സ്വപ്നം സഫലീകരിക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിണന. എല്ലാവർക്കും ബിസിനസ് ചെയ്യാവുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ലോകബാങ്കിന്റെ വ്യവസായ സൗഹൃദ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് 142ൽ നിന്ന് നൂറിലെത്തിയിട്ടുണ്ട്. ഇതുവരെ ഉണ്ടാകാത്ത നേട്ടമാണിത്. എന്നാൽ, ഇതുകൊണ്ട് ഇന്ത്യ തൃപ്തരല്ല. ഇനിയും മുന്നേറുകയെന്നതാണ് ലക്ഷ്യം. അതിന് വേണ്ടി സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്യും − മോദി പറഞ്ഞു.
അബുദാബിയിലെ ക്ഷേത്രം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരു പാലമാണ്. ക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയ അബൂദബി കിരീടവകാശിക്ക് 125 കോടി ഇന്ത്യക്കാരുടെ പേരിൽ നന്ദി അറിയിക്കുന്നതായി മോദി വ്യക്തമാക്കി. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളേയും പ്രതിനിധാനം ചെയ്യുന്നവരാണ് നിങ്ങൾ, അതുകൊണ്ടു തന്നെ ഇന്ത്യയുടെ വികസനം എങ്ങനെയാണെന്ന് നിങ്ങൾക്കറിയുന്നതാണെന്നും അദ്ദേഹം ഇന്ത്യൻ സമൂഹത്തോടായി പറഞ്ഞു.
ഒരിക്കൽ കൂടി യു.എ.ഇയിൽ വരാൻ സാധിച്ചതിൽ ആഹ്ലാദമുണ്ട്. ഉപഭോക്താവിൽ നിന്നു പങ്കളിത്തത്തിലേക്ക് നമ്മുടെ ബന്ധം വികസിച്ചു. പ്രവാസികളുടേ മുഴുവൻ സ്വപ്നങ്ങളും നിശ്ചിത സമയത്തിനു മുന്പെ പൂർത്തിയാക്കും. പ്രവാസികൾ പുറം രാജ്യങ്ങളിൽ അവരുടെ വികസനത്തിനൊപ്പം സ്വന്തം പുരോഗതിയും ഉറപ്പാക്കി. എണ്ണ പര്യവേക്ഷണ കാര്യത്തിൽ അബുദാബിയുമായി പങ്കാളിത്തമുണ്ടാക്കുമെന്നും മോദി അറിയിച്ചു.
ഇന്നലെ വൈകുന്നേരം പലസ്തീനിൽ നിന്ന് അബുദാബിയിൽ എത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് നൽകിയത്. രാജ്യത്തിന്റെ അതിഥിയും മൂല്യമുള്ള സുഹൃത്തുമായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സസ്നേഹം സ്വാഗതം ചെയ്യുന്നുവെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു. തുടർന്ന് അരുവരം നടത്തിയ കൂടിക്കാഴ്ചക്കിടെ ഇന്ത്യയും യു.എ.ഇയും തമ്മിൽ അഞ്ച് കരാറുകളിൽ ഒപ്പുവെച്ചു. ഉൗർജം, റെയിൽവേ, മാനവവിഭവശേഷി, ധനകാര്യ സേവനം എന്നീ മേഖലകളിലെ ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചത്.

