സ്റ്റാർലിങ്ക് ലൈസൻസ്: ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളുടെ ഗൾഫ് ഹബ്ബായി യു.എ.ഇ മാറുന്നു
ഷീബ വിജയൻ
ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ 10 വർഷത്തെ ജനറൽ സ്പേസ് സർവീസസ് ലൈസൻസ് സ്വന്തമാക്കിയതോടെ, ഉപഗ്രഹ ഇന്റർനെറ്റ് രംഗത്ത് ലോകത്തെ മുൻനിര ഉപഗ്രഹ ആശയവിനിമയ ശൃംഖലയായ സ്റ്റാർലിങ്കിന്റെ പ്രധാന വിപണിയായി യു.എ.ഇ മാറുന്നു. രാജ്യത്ത് ഉപഗ്രഹ അധിഷ്ഠിത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാനും ശൃംഖല സ്ഥാപിച്ചു പ്രവർത്തിക്കാനുമുള്ള അനുമതിയാണ് സ്റ്റാർലിങ്കിന് ലഭിച്ചിരിക്കുന്നത്.
ഇതിലൂടെ വ്യക്തിഗത ഉപഭോക്താക്കൾ, സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവർക്ക് ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകും. ഒപ്പം വിമാന, കപ്പൽ ഗതാഗത മേഖലകൾക്ക് യാത്രയ്ക്കിടയിൽ തടസ്സമില്ലാത്ത അതിവേഗ ഇന്റർനെറ്റ് നൽകാനും സാധിക്കും. കേബിൾ നെറ്റ്വർക്കുകൾ എത്താത്തിടങ്ങളിലും വിദൂര പ്രദേശങ്ങളിലും ഊർജ, ലോജിസ്റ്റിക്സ് മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ഉപഗ്രഹ ആശയവിനിമയം ഗുണകരമാകും. നിലവിലുള്ള ശക്തമായ ടെലികോം ശൃംഖലകൾക്ക് പകരമാകുന്നതിന് പകരം, കൂടുതൽ ബദൽ മാർഗ്ഗമായും മെയിൻ നെറ്റ് വർക്കുകൾ തടസ്സപ്പെടുന്ന ഘട്ടങ്ങളിൽ മികച്ച ബാക്കപ്പ് കണക്റ്റിവിറ്റിയായും ഇത് പ്രവർത്തിക്കും. പ്രകൃതിദുരന്തങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ഭൗമ നെറ്റ് വർക്കുകൾ തകരാറിലായാലും ആശയവിനിമയം തടസ്സമില്ലാതെ ഉറപ്പാക്കാൻ ഇതിന് സാധിക്കും. 10 വർഷത്തെ ദീർഘകാല ലൈസൻസ് കാലാവധി സ്റ്റാർലിങ്കിന് ദീർഘകാല നിക്ഷേപങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിരമായ അന്തരീക്ഷമൊരുക്കുന്നു. ഈ നടപടിയിലൂടെ മേഖലയിലെ സാറ്റലൈറ്റ് കണക്റ്റിവിറ്റി ഹബ്ബെന്ന യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുകയും ആഗോള ബഹിരാകാശ-സാങ്കേതിക നിക്ഷേപകർക്ക് രാജ്യം കൂടുതൽ ആകർഷകമാവുകയും ചെയ്യും.
adsadsadsads

