സ്പോൺസർ ഇല്ലാതെ ദുബായിൽ തൊഴിൽ അന്വേഷിക്കാം; ജോബ് എക്സ്പ്ലോറേഷൻ വിസിറ്റ് വിസ വിവരങ്ങൾ പുറത്തുവിട്ടു
ഷീബ വിജയൻ
ദുബായ്: ആഗോള തൊഴിൽ പ്രതിഭകളെയും വിദഗ്ദ്ധ തൊഴിലാളികളെയും ആകർഷിക്കുന്നതിനായി, തൊഴിലവസരങ്ങൾ നേരിട്ടെത്തി കണ്ടെത്തുന്നതിനുള്ള 'ജോബ് എക്സ്പ്ലോറേഷൻ വിസിറ്റ് വിസ' സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ദുബായ് സർക്കാർ പുറത്തുവിട്ടു. യുഎഇയിൽ പ്രാദേശിക സ്പോൺസറോ ആതിഥേയനോ ജാമ്യക്കാരോ ഇല്ലാതെ തന്നെ ഉദ്യോഗാർത്ഥികൾക്ക് ഈ വിസ വഴി രാജ്യത്ത് പ്രവേശിച്ച് നേരിട്ട് അഭിമുഖങ്ങളിലും തൊഴിൽ അന്വേഷണങ്ങളിലും പങ്കാളികളാകാം. സിംഗിൾ എൻട്രി വ്യവസ്ഥയിലോ മൾട്ടിപ്പിൾ എൻട്രി വ്യവസ്ഥയിലോ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അംഗീകരിച്ച തൊഴിൽ വർഗ്ഗീകരണത്തിൽ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രൊഫഷണൽ തലങ്ങളിൽ ഉൾപ്പെടുന്ന നൈപുണ്യമുള്ള തൊഴിലാളികൾക്കായിരിക്കും വിസ ലഭിക്കുക. കൂടാതെ ലോകത്തെ മികച്ച 500 സർവകലാശാലകളിൽ ഒന്നിൽ നിന്ന് ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ യോഗ്യതയോ പൂർത്തിയാക്കിയിരിക്കണം. വിസ ഫീസായി 60 ദിവസത്തേക്ക് 200 ദിർഹം, 90 ദിവസത്തേക്ക് 300 ദിർഹം, 120 ദിവസത്തേക്ക് 400 ദിർഹം എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനുപുറമെ 5 ശതമാനം വാറ്റും, സെക്യൂരിറ്റി ഡിപ്പോസിറ്റായി 1000 ദിർഹവും, വാറന്റി സർവീസ് ഫീസായി 20 ദിർഹവും, നിക്ഷേപ തുക തിരികെ നൽകുന്നതിനുള്ള നിരക്കായി 40 ദിർഹവും അടയ്ക്കണം. അപേക്ഷകൻ നിലവിൽ യുഎഇക്ക് ഉള്ളിലാണെങ്കിൽ ആഭ്യന്തര ഫീസായി 500 ദിർഹവും നോളജ്, ഇന്നൊവേഷൻ ദിർഹം ഇനത്തിൽ 10 ദിർഹം വീതവും അധികമായി നൽകേണ്ടിവരും.
cddfsaadssa

