നാട്ടിൽ പോയ ബംഗ്ലാദേശ് പ്രവാസികൾക്ക് തിരിച്ചടി: യു.എ.ഇയിൽ 5,000 പേരുടെ വിസ റദ്ദാക്കി
ശാരിക
അബുദാബി: അവധിക്ക് നാട്ടിലെത്തിയ അയ്യായിരത്തോളം ബംഗ്ലാദേശികളുടെ യു.എ.ഇ താമസവിസ റദ്ദാക്കപ്പെട്ടതായി റിപ്പോർട്ട്. ബംഗ്ലാദേശ് ദിനപത്രമായ 'ദി ഡെയ്‌ലി സ്റ്റാർ' ആണ് വാർത്ത പുറത്തുവിട്ടത്. പാകിസ്താൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും സമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാധാരണയായി ആറുമാസത്തിലധികം തുടർച്ചയായി രാജ്യത്തിന് പുറത്തു കഴിയുമ്പോഴാണ് യു.എ.ഇയിൽ വിസ സ്വമേധയാ റദ്ദാകുന്നത്. എന്നാൽ, നിലവിൽ വിസ നഷ്ടപ്പെട്ട പലരും രണ്ടോ മൂന്നോ മാസം മാത്രമാണ് രാജ്യത്തിന് പുറത്തു കഴിഞ്ഞിട്ടുള്ളതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, വിഷയം യു.എ.ഇ അധികൃതരുമായി നയതന്ത്ര തലത്തിൽ ചർച്ച ചെയ്ത് പുനഃപരിശോധിക്കണമെന്ന് ബംഗ്ലാദേശ് പ്രവാസി ക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ജൂലൈ മാസത്തിലും സമാനമായി 626 ബംഗ്ലാദേശികളുടെ വിസകൾ 'ഓട്ടോ-കാൻസൽ' ആയിരുന്നു. സോഷ്യൽ മീഡിയയിലെ നിയമവിരുദ്ധ ഇടപെടലുകളും രാഷ്ട്രീയ പ്രചാരണങ്ങളും ഒഴിവാക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ശമ ഉബൈദ് ഇസ്‍ലാം പ്രവാസികളോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ശേഷം യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ 12 ലക്ഷത്തോളം വരുന്ന ബംഗ്ലാദേശികളിൽ നിർമ്മാണ, ഗതാഗത മേഖലകളിൽ ജോലി ചെയ്യുന്നവരെയാണ് ഈ അപ്രതീക്ഷിത നടപടി വൻ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
asasadsads

