ദുബായ് - അബുദാബി യാത്ര വെറും 30 മിനിറ്റിൽ; യു.എ.ഇ അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്
ശാരിക
ദുബായ്: യു.എ.ഇയിലെ പ്രമുഖ സാമ്പത്തിക കേന്ദ്രങ്ങളായ ദുബായിയും അബുദാബിയും തമ്മിലുള്ള യാത്രാ സമയം വെറും 30 മിനിറ്റായി കുറയ്ക്കുന്ന പുതിയ അതിവേഗ റെയിൽ പദ്ധതി വരുന്നു. ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന ഈ സർവീസ്, നിലവിലുള്ള പാസഞ്ചർ റെയിൽ ശൃംഖലയിൽ നിന്ന് തികച്ചും വ്യത്യസ്തമായി പൂർണ്ണമായും വൈദ്യുതീകരിച്ച പ്രത്യേക ലൈനിലാണ് പ്രവർത്തിക്കുക.
മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനുകളാണ് ഈ പാതയിൽ സർവീസ് നടത്തുക. ദുബായിൽ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം, അൽ ജദ്ദാഫ് എന്നിവിടങ്ങളിലായിരിക്കും പ്രധാന സ്റ്റേഷനുകൾ. ആർ.ടി.എയുടെ 2032 ദുബായ് റെയിൽ നെറ്റ്‌വർക്ക് പ്ലാൻ പ്രകാരം അൽ ഖൈൽ റോഡിന് സമാന്തരമായാണ് പാത കടന്നുപോകുന്നത്. പ്രതിവർഷം രണ്ട് കോടിയിലധികം യാത്രക്കാരെ ലക്ഷ്യമിടുന്ന പദ്ധതി ഇരു എമിറേറ്റുകൾക്കുമിടയിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത്തിഹാദ് റെയിൽ പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത 50 വർഷത്തിനുള്ളിൽ യു.എ.ഇ ജി.ഡി.പിയിലേക്ക് 145 ബില്യൺ ദിർഹത്തിന്റെ സംഭാവന നൽകുന്ന പദ്ധതി, വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് വൻ കുതിപ്പേകും.
adsadssas

