തക്കാളി വില രണ്ട് രൂപയിൽ !!
മറയൂർ : അതിർത്തിക്കപ്പുറം തക്കാളിയുടെ വില കിലോയ്ക്ക് രണ്ട് രൂപയയായി താഴ്ന്നു. ഇതോടെ കർഷകർ വിളവെടുക്കാതെ തക്കാളി കൃഷിയിടത്തിൽ തന്നെ ഉപേക്ഷിക്കുകയാണ്. അതിർത്തിക്കിപ്പുറം കേരളത്തിൽ തക്കാളിയെത്തുന്പോൾ കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ വിലയ്ക്കാണ് ഉപഭോക്താവിന് വിൽക്കുന്നത്. മറ്റ് പച്ചക്കറിയിനങ്ങളുടെ വിലയും ഗണ്യമായി കുറഞ്ഞു. ബുധനാഴ്ച ഉടുമലൈ ചന്തയിൽ 14 കിലോ തൂക്കമുള്ള തക്കാളിപ്പെട്ടിക്ക് 30 രൂപ വില മാത്രമാണ് കർഷകന് ലഭിച്ചത്. കഴിഞ്ഞയാഴ്ച 50 രൂപയാണ് ലഭിച്ചത്. തക്കാളിയുടെ വിളവെടുപ്പുകൂലിയും ചന്തയിൽ എത്തിക്കാനുള്ള കൂലിയും കർഷകർക്ക് കിട്ടുന്നില്ല. വിളവെടുപ്പ് ചിലവ് മാത്രം 20 രൂപയാണ്.
ചന്തയിൽ എത്തിക്കുന്നതിന് പെട്ടിക്ക് 10 രൂപ മുതൽ 20 രൂപ വരെ ചിലവ് വരും. ഒരു പെട്ടിക്ക് ചന്തയിൽ മൂന്ന് രൂപ കമ്മീഷനും നൽകണം. ഉടുമലൈ, പഴനി മേഖലകൾക്ക് സമീപത്തുള്ള നിരവധി ഗ്രാമങ്ങളിൽ ആയിരത്തിലധികം ഹെക്ടറുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്. മറ്റ് പല മേഖലകളിലും തക്കാളി ഉൽപ്പാദനം കൂടിയതും മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യാപാരികൾ എത്താതിരുന്നതും വില കുറയാൻ കാരണമായെന്ന് കർഷകർ പറയുന്നു.

