സൗരോർജ്ജ വൈദ്യുതി : പരീക്ഷണ അടിസ്ഥാനത്തിൽ സോളാർ പാനലുകൾ സ്ഥാപിച്ചു
മനാമ : ഗാർഹികാവശ്യങ്ങൾക്കായി സൗരോർജ്ജ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ബഹ്റൈൻ ഗവൺമെന്റിന്റെ ഹൗസിങ്ങ് പ്രൊജക്ടിൽ ഉൾപ്പെട്ട ഒരു വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചു. 3,500 ബഹ്‌റൈൻ ദിനാറാണ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഇവിടെ ചിലവ് വന്നത്.
പദ്ധതിയിലൂടെ പ്രതിവർഷം 12,500 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ഇത് വീടിന്റെ വൈദ്യുത ഉപഭോഗത്തിന്റെ മൂന്നിലൊന്നിന് തുല്യമാണ്. ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ ഭാവിയിൽ ഇത് കൂടുതൽ വ്യാപിപ്പിക്കുമെന്ന് വൈദ്യുതി, ജലവിഭവ വകുപ്പ് മന്ത്രി ഡോ. അബ്ദുൾ ഹുസൈൻ മിർസ പറഞ്ഞു. ഇത്തരം സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 3,500 ബഹ്‌റൈൻ ദിനാർ വരെ ഉപഭോക്താക്കൾക്ക് പലിശരഹിത വായ്പ നൽകാൻ ബാങ്കുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നാല് ബെഡ് റൂമുകളും ഒരു ഹാളും ഉള്ള വീടിന് മതിയായ ഊർജ്ജം ഈ പാനലുകൾ നൽകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടതായും മന്ത്രി പറഞ്ഞു. സോളാർ പാനലിന്റെ ആയുസ് 25 വർഷമാണ്. സോളാർ പാനലുകൾ സ്ഥാപിക്കുന്നത് നിർബന്ധപൂർവ്വമല്ല. പരിസ്ഥിതിയെ മാലിനമാക്കാത്തതും പരന്പരാഗതവുമായ ഊർജ്ജസ്രോതസ്സുകളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് സൗരോർജ്ജം ഉപയോഗപ്പെടുത്തിയാൽ, ഗ്യാസ് സംരക്ഷിക്കാനാകും.
സൗരോർജ്ജ സംവിധാനങ്ങൾ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ഊർജ്ജ ഉറവിടങ്ങൾ വികസിപ്പിക്കുകയും ചെയ്യും. പദ്ധതിയിലൂടെ വീടിന്റെ വൈദ്യുതി ബി ല്ലിൽ 30 ശതമാനം ലാഭിക്കാനാകുമെന്നും മിർസ പറഞ്ഞു.

