ഏത് വെല്ലുവിളി നേരിടാനും ഞങ്ങൾ തയാർ; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താൻ നായകൻ സൽമാൻ
ഷീബ വിജയൻ
ദുബൈ I പാകിസ്താൻ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയതോടെ ഏഷ്യ കപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാക് ത്രില്ലർ പോരാട്ടത്തിന് കളമൊരുങ്ങി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ലോക ക്രിക്കറ്റിലെ ചിരവൈരികൾ മുഖാമുഖം വരുന്നത്. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ പോരിൽ ഇന്ത്യ ഏഴു വിക്കറ്റിന്‍റെ അനായാസ ജയം നേടി. സൂപ്പർ ഫോറിലും ജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാർ യാദവും സംഘവും. എന്നാൽ, നിർണായക മത്സരത്തിൽ യു.എ.ഇയെ പരാജയപ്പെടുത്തി മുന്നേറിയെങ്കിലും പാകിസ്താൻ ടീമിൽ കാര്യങ്ങൾ അത്ര ആശാവഹമല്ല. മൂന്നു മത്സരങ്ങൾ കഴിഞ്ഞിട്ടും ബാറ്റർമാർക്ക് ഫോം കണ്ടെത്താനായിട്ടില്ല. ഒരുവിധത്തിലാണ് ടീം സ്കോർ നൂറ് കടക്കുന്നത്. ഇതിനു പുറമെയാണ് ഇന്ത്യയുമായുള്ള മത്സരത്തിലെ ഹസ്തദാന വിവാദവും ടൂർണമെന്‍റ് ബഹിഷ്കരണ ഭീഷണിയും.
ഈമാസം 21നാണ് ഇന്ത്യ-പാക് സൂപ്പർ ഫോർ പോരാട്ടം. ടൂർണമെന്‍റിലെ ഫേവറേറ്റുകളായ ഇന്ത്യയെ പരാജയപ്പെടുത്തുക നിലവിലെ ഫോമിൽ പാകിസ്താന് അസാധ്യമാണ്. എന്നാൽ, സൂപ്പർ ഫോർ പോരാട്ടത്തിൽ തങ്ങൾക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും വിജയിക്കാനാകുമെന്നും പാക് നായകൻ സൽമാൻ അലി ആഗ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘അതെ, ഏത് വെല്ലുവിളി നേരിടാനും ഞങ്ങൾ തയാറാണ്. നല്ല ക്രിക്കറ്റ് കളിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഏത് ടീമിനെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് വിശ്വാസമുണ്ട്’ -മത്സരശേഷം സൽമാൻ പ്രതികരിച്ചു.
DSFDSDSFDS
