ദുബൈയിൽ പുതിയ മേൽപാലംകൂടി തുറന്നു


ദുബൈ: നഗരത്തിലെ പ്രധാന ഗതാഗത ഇടനാഴിയിൽ പുതിയ മേൽപാലംകൂടി തുറന്നു. ശൈഖ് റാശിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നു വരിയുള്ള പാലത്തിന്‍റെ നിർമാണമാണ് പൂർത്തിയായത്. ഇതോടെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്‍റർസെക്ഷൻ മുതൽ അൽ മിന സ്ട്രീറ്റിലെ ഫാൽകൺ ഇന്‍റർചേഞ്ച് വരെ 4.8 കിലോമീറ്റർ നീളമുള്ള അൽ ശിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടത്തിന്‍റെ ഭാഗമായാണ് വികസന പ്രവൃത്തികൾ നടക്കുന്നത്.

പദ്ധതിയിൽ മൂന്നു പാലങ്ങൾ കൂടി നിർമിക്കുന്നുണ്ട്. ആകെ 3.1 കിലോമീറ്റർ നീളം വരുന്ന മൂന്നു പാലങ്ങളുടെ നിർമാണം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. ഇതുൾപ്പെടെയുള്ള പദ്ധതിയുടെ നാലാംഘട്ടം 71 ശതമാനം പൂർത്തിയായതായും ആർ.ടി.എ വ്യക്തമാക്കി. അൽ മിന ഇന്‍റർസെക്ഷനെ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ശൈഖ് റാശിദ് റോഡിലെ ആദ്യ പാലം ജനുവരി ആദ്യ പകുതിയിൽ തുറക്കും.


രണ്ട് ദിശയിലേക്കും മൂന്നു വരിയുള്ള പാലത്തിന്‍റെ നീളം 1335 മീറ്ററാണ്. ശൈഖ് റാശിദ് റോഡിനും ഫാൽക്കൻ ഇന്‍റർചേഞ്ചിനും ഇടയിൽ ഗതാഗതം സുഗമമാക്കാൻ സഹായിക്കുന്ന പാലത്തിന്‍റെ ഇരു ദിശയിലൂടെയും മണിക്കൂറിൽ 10,800 വാഹനങ്ങൾക്ക് കടന്നുപോകാം. ഫാൽക്കൺ ഇന്‍റർചേഞ്ചിൽ നിന്ന് അൽ വസൽ റോഡുവരെ 780 മീറ്ററിൽ മൂന്നു വരിയുള്ളതാണ് രണ്ടാമത്തെ പാലം. മണിക്കൂറിൽ 5400 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഈ പാലത്തിനുള്ളത്.


ജുമൈറ സ്ട്രീറ്റിനും അൽ മിന സ്ട്രീറ്റിനും ഇടയിലാണ് മൂന്നാമത്തെ പാലം നിർമിക്കുക. 985 മീറ്ററിൽ രണ്ട് വരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഇത് കൂടാതെ 4.8 കിലോമീറ്റർ റോഡുകളുടെ നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു. ജുമൈറ സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ് എന്നിവയുടെ ഉപരിതല റോഡുകളാണ് വികസിപ്പിക്കുന്നത്.
അതോടൊപ്പം രണ്ട് കാൽനട മേൽപാലവും പദ്ധതിയിലൂടെ നിർമിക്കും. ശൈഖ് റാശിദ് റോഡ്, അൽ മിന സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് കാൽനട മേൽപാലം നിർമിക്കുക. തെരുവുവിളക്ക്, സിഗ്നലുകൾ സ്ഥാപിക്കൽ, മഴവെള്ള ഡ്രൈനേജ് ശൃംഖലകൾ, ജലവിതരണ സംവിധാനങ്ങൾ എന്നിവയുടെ നിർമാണം തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും.

You might also like

  • Straight Forward

Most Viewed