35000 റിയാൽ ശമ്പള കുടിശ്ശിക കൊടുക്കാനുണ്ട്; ഇന്ത്യൻ തൊഴിലാളിയെ തേടി സൗദി പൗരൻ


35000 റിയാൽ ശമ്പള കുടിശ്ശിക കൊടുത്തു തീർക്കാനുളളതിനാൽ ഇന്ത്യൻ പൗരനായ തൊഴിലാളിയുമായി ബന്ധപ്പെടാനുളള മാർഗമന്വേഷിച്ച് സൗദി പൗരൻ എംബസിയിൽ. തൊഴിലാളി നാട്ടിൽ പോയി തിരിച്ചുവരാത്തതിനാലാണ് സ്പോൺസർ ഇന്ത്യൻ എംബസിയെ സമീപിച്ചത്. ബിശയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനുസ് എന്ന കാശ്മീരി യുവാവിനാണ് ശമ്പളം നൽകാനുളളതെന്ന് സ്പോൺസർ എംബസിയെ അറിയിച്ചു.ശമ്പള കുടിശ്ശികയും ആനുകൂല്യവുമടക്കം 35000 റിയാൽ അദ്ദേഹത്തിന് നൽകാനുണ്ട്. സഹപ്രവർത്തകർ വഴി അന്വേഷിച്ചിട്ട് ഇയാളുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നപ്പോഴാണ് എംബസിയെ സമീപിച്ചത്. സൗദി സ്പോൺസറുടെ കൈവശം യൂനുസിന്റെ ഇഖാമയുടെയോ പാസ്‌പോർട്ടിന്റെയോ നമ്പറുകളൊന്നും ഉണ്ടായിരുന്നില്ല. 2010ൽ ഇൻജാസ് വഴി സ്‌പോൺസർ യൂനുസിന്റെ ഭാര്യക്ക് പണമയച്ചതിന്റെ സ്ലിപ് മാത്രമാണ് കയ്യിലുണ്ടായിരുന്നത്. തുടർന്ന് എംബസി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇയാളുടെ ഇഖാമ നമ്പർ കണ്ടെത്തുകയായിരുന്നു. 

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയുടെ ഇടപെടലിലൂടെ യൂനുസിന്റെ അഡ്രസും ഫോൺ നമ്പറും കണ്ടെത്തി. യൂനുസുമായി സ്പോൺസർ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. യൂനുസ് രോഗബാധിതനാണെന്നും സംസാരം വ്യക്തമാവുന്നില്ലെന്നും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ പിന്നീട് വിവരം കൈമാറാമെന്ന് അറിയിച്ചതായും സ്‌പോൺസർ പറഞ്ഞു. 2019ലാണ് മുഹമ്മദ് യൂനുസ് റീ എൻട്രിയിൽ നാട്ടിൽ പോയത്. പിന്നീട് അസുഖം കാരണം തിരിച്ചുവരാൻ സാധിച്ചില്ല. കൊവിഡ് വ്യാപനം ശക്തമായതോടെ ഇന്ത്യയിൽ നിന്നുളള വിമാനസർവീസുകൾ നിലച്ചതും യൂനുസിന്റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed