റെഡ് ഹാർട്ട്, റോസ് ഇമോജി അയക്കുമ്പോൾ സൗദിയിലുള്ളവർ ശ്രദ്ധിക്കുക

സൗദിയിൽ സമൂഹ മാധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്', 'റോസ്' തുടങ്ങിയ ഇമോജികൾ ആർക്കെങ്കിലും അയക്കുമ്പോൾ സ്വീകരിക്കുന്ന ആൾക്ക് പരാതിയുണ്ടെങ്കിൽ കുറ്റകൃത്യമായി കണക്കാക്കും. രണ്ടു വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം. സൗദി ആന്റ് ഫ്രോഡ് അസോസിയേഷൻ അംഗവും വിവര സാങ്കേതിക രംഗങ്ങളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വിദഗ്ധനുമായ അൽ മോതാസ് കുത്ബിയാണ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇതു സംബന്ധിച്ച വിവരം കൈമാറിയത്. 'റെഡ് ഹാർട്ട്', 'റോസ്' ചിഹ്നങ്ങൾ പോലുളളവയും മറ്റു സമാന അർഥങ്ങൾ ഉള്ള ചിഹ്നങ്ങളും മറ്റും ആർക്കണോ അയക്കുന്നത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവരെ അസ്വസ്ഥരാക്കുകയും ചെയ്താൽ അത് ഉപദ്രവിക്കുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ മോശമായ പ്രയോഗത്തിൽ അല്ലാതെ സാധാരണ രണ്ട് വ്യക്തികൾ തമ്മിലുള്ള സംഭാഷണത്തിലോ സന്ദേശം കൈമാറുന്നതിലോ ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതു കുറ്റകൃത്യമായി കണക്കാക്കില്ല. ഒരു വ്യക്തിയിൽ നിന്നു മറ്റൊരാളിലേക്കു ലൈംഗിക അർഥമുള്ള ഏതൊരു പ്രവൃത്തിയോ അടയാളമോ അയച്ചാലും പ്രയോഗിച്ചാലും അവ പീഡനം എന്ന കുറ്റകൃത്യത്തിൽ വരും.