ബഹ്റൈനിൽ 2.4 ലക്ഷം ദിനാറിന്റെ വാറ്റ് നികുതി വെട്ടിപ്പ്: കേസിൽ മാർച്ച് 17-ന് വിധി പറയും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ 2,40,000 ദിനാറിലധികം മൂല്യവർദ്ധിത നികുതി (VAT) വെട്ടിപ്പ് നടത്തിയ ഭക്ഷ്യവിൽപ്പന സ്ഥാപന ഉടമയുടെ കേസിൽ ഒന്നാം ഹൈ ക്രിമിനൽ കോടതി മാർച്ച് 17-ന് വിധി പ്രസ്താവിക്കും. നാഷണൽ ബ്യൂറോ ഫോർ റെവന്യൂവിന് (NBR) തെറ്റായ രേഖകൾ സമർപ്പിക്കുകയും ഇടപാടുകളുടെയും ഇറക്കുമതിയുടെയും കൃത്യമായ കണക്കുകൾ സൂക്ഷിക്കാതിരിക്കുകയും ചെയ്തതിനാണ് അറബ് വംശജനായ ബിസിനസുകാരൻ നിയമനടപടി നേരിടുന്നത്. കഴിഞ്ഞ ദിവസം നടന്ന കോടതി നടപടികളിൽ പ്രതിഭാഗം അഭിഭാഷകൻ ഹാജരായെങ്കിലും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടും പ്രതി കോടതിയിൽ എത്തിയിരുന്നില്ല.

2023-ന്റെ ആദ്യ പാദം മുതൽ തന്റെ സ്ഥാപനവും ശാഖകളും വഴി അടയ്‌ക്കേണ്ട നികുതി തുക ബോധപൂർവ്വം മറച്ചുവെച്ചുവെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയത്. നിയമാനുസൃതമായ കാലയളവിനുള്ളിൽ നികുതി അടയ്ക്കാതിരിക്കുകയും തെറ്റായ കണക്കുകൾ സമർപ്പിച്ച് അധികൃതരെ വഞ്ചിക്കുകയും ചെയ്തു. കൂടാതെ അർഹതയില്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകൾ കൈപ്പറ്റിയതായും നികുതി ബാധകമായ ഇടപാടുകൾക്ക് ഇൻവോയ്‌സുകൾ നൽകാതെയും അക്കൗണ്ട് ബുക്കുകൾ കൃത്യമായി സൂക്ഷിക്കാതെയും നിയമലംഘനം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു.

'തവാസുൽ' ആപ്പ് വഴി ലഭിച്ച പരാതിയെത്തുടർന്നാണ് ഈ നികുതി വെട്ടിപ്പ് പുറത്തുവന്നത്. ജുഡീഷ്യൽ ഉദ്യോഗസ്ഥർ സ്ഥാപനത്തിന്റെ വിവിധ ശാഖകളിൽ നടത്തിയ പരിശോധനയിൽ വിൽപന കണക്കുകളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തി. തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക വിഭാഗം ബിസിനസുകാരന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയും എൻ.ബി.ആർ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നികുതി വെട്ടിപ്പ് നടത്താൻ പ്രതി ബോധപൂർവ്വം രേഖകളിൽ തിരിമറി നടത്തിയെന്ന് വ്യക്തമായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed