ചെന്നൈയിൽ മലയാളി നടിക്ക് നേരെ അതിക്രമം: ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
ശാരിക l ദേശീയം
ചെന്നൈയിൽ ഷൂട്ടിംഗിനെത്തിയ മലയാളി യുവനടിയെ ഹോട്ടൽ മുറിയിൽ വെച്ച് അതിക്രമിക്കാൻ ശ്രമിച്ച കേസിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി (20) ആണ് പോണ്ടിവിലക്കറ്റ് പോലീസിന്റെ പിടിയിലായത്. ചെന്നൈയിലെ ടി നഗറിലുള്ള പ്രമുഖ ഹോട്ടലിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പഠനത്തോടൊപ്പം ഹോട്ടലിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.
സിനിമയുടെ ചിത്രീകരണത്തിനായി ചെന്നൈയിൽ എത്തിയതായിരുന്നു നടി. താമസിച്ചിരുന്ന മുറിയിലെ ഫോൺ പ്രവർത്തനരഹിതമായതിനെ തുടർന്ന് റിസപ്ഷനിൽ വിവരം അറിയിച്ചപ്പോഴാണ് അഫ്രീദി മുറിയിലെത്തിയത്. തുടർന്ന് അവിടെയെത്തിയ ഇയാൾ നടിയെ തിരിച്ചറിയുകയും സെൽഫി ആവശ്യപ്പെടുകയും ചെയ്തു. നടി സെൽഫി എടുക്കാൻ വിസമ്മതിച്ചതോടെ പ്രതി അവരെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. താരം ഉടൻ തന്നെ ബഹളം വെച്ചതോടെ ഇയാൾ മുറിയിൽ നിന്നും ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അഫ്രീദിയെ ചോദ്യം ചെയ്തു. ഫോൺ നന്നാക്കിയ ശേഷം ഭക്ഷണം ഓർഡർ എടുക്കാൻ മാത്രമാണ് താൻ മുറിയിൽ പോയതെന്നായിരുന്നു ഇയാളുടെ പ്രാഥമിക മൊഴി. എന്നാൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച പോലീസ് മൊഴി വ്യാജമാണെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
sdfsdf


