ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയയപ്പ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നിറപ്പകിട്ടാർന്ന യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. സ്കൂൾ ജീവിതത്തിലെ ദീർഘവും അവിസ്മരണീയവുമായ യാത്രയുടെ പൂർത്തീകരണം അടയാളപ്പെടുത്തിക്കൊണ്ട് 'ഓറിയ 2026' (ORIA 2026) എന്ന പേരിൽ ഇസ ടൗൺ കാമ്പസിലാണ് പരിപാടി നടന്നത്. ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ബാച്ചായതിനാൽ ഇവരെ 'പ്ലാറ്റിനം ജൂബിലി ബാച്ച്' എന്നാണ് വിശേഷിപ്പിച്ചത്. യാത്രയയപ്പ് ഏറ്റുവാങ്ങിയവരിൽ പലരും എൽ.കെ.ജി മുതൽ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്.

സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്ലാറ്റിനം ജൂബിലി ബാച്ചിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്നും സ്കൂളിൽ നിന്ന് പഠിച്ച മൂല്യങ്ങളും അച്ചടക്കവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഹെഡ് ടീച്ചർ റെജി വർഗീസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

article-image

ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മുഹമ്മദ് അർഫാൻ ഖുർആൻ പാരായണം നടത്തി. അസിസ്റ്റന്റ് ഹെഡ് ഗേൾ അൻവിത വി.വി സ്വാഗതം പറഞ്ഞു. ആഘോഷങ്ങൾക്ക് മധുരമേകി ഹെഡ് ബോയ് ജോയൽ ജോർജ് ജോഗിയും ഹെഡ് ഗേൾ മീനാക്ഷി മധു ദീപ്തിയും ചേർന്ന് കേക്ക് മുറിച്ചു. തങ്ങളുടെ വ്യക്തിത്വവും സ്വഭാവവും രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ സ്കൂൾ വഹിച്ച പങ്കിന് ഹെഡ് ബോയിയും ഹെഡ് ഗേളും വിടവാങ്ങൽ പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.

പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വെസ്റ്റേൺ ബാൻഡ് പെർഫോമൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ സദസ്സിനെ ആവേശം കൊള്ളിച്ചു. കലാ-സംഗീത മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്കാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരുടെ ബാല്യകാല ചിത്രങ്ങൾ തിരിച്ചറിയുന്ന രസകരമായ ഗെയിം പരിപാടിയുടെ ആകർഷണമായിരുന്നു. വിദ്യാർത്ഥികൾ തന്നെ ചിത്രീകരിച്ച് എഡിറ്റ് ചെയ്ത പ്രത്യേക വീഡിയോ പ്രദർശനവും നടന്നു.

അസിസ്റ്റന്റ് ഹെഡ് ബോയ് ആരോൺ ജോഷ് തോമസ് നന്ദി രേഖപ്പെടുത്തി. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ ജോയൽ ഷൈജു, ഇവാന റേച്ചൽ ബിനു, ഇഷിത, ശ്രാവണ, ആര്യൻ, യാസ്മിൻ, റിവ, അഭിനവ്, ഇഷാൻ എന്നിവർ ചടങ്ങിന്റെ അവതാരകരായിരുന്നു.

article-image

efsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed