മലയാളി അധ്യാപകന്‍ സൗദിയില്‍ നിന്ന് 10 കോടി രൂപ തട്ടി മുങ്ങിയെന്ന് പരാതി
മലയാളി അധ്യാപകന്‍ സൗദിയില്‍ നിന്ന് 10 കോടി രൂപ തട്ടി മുങ്ങിയെന്ന് പരാതി. ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി റിയാദിലുള്ള 80 പേരില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത് മലയാളി അധ്യാപകന്‍ മുങ്ങിയെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. റിയാദിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന കോഴിക്കോട് സ്വദേശി അല്‍താഫ് ആണ് 10 കോടി രൂപ സമാഹരിച്ച് മുങ്ങിയതെന്ന് ഇവർ ആരോപിക്കുന്നത്. റിയാദിലെ ഇന്ത്യന്‍ എംബസി, നോര്‍ക്ക, കേരള പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി നോര്‍ക്കക്ക് ഇ-മെയില്‍ സന്ദേശവും അയച്ചു. ആറു വര്‍ഷത്തോളം ബിന്‍ ലാദിന്‍ കമ്പനിയില്‍ ജോലിചെയ്ത ഇദ്ദേഹം മൂന്നു വര്‍ഷമായി റിയാദിലെ സ്വകാര്യ സ്‌കൂളില്‍ കെമിസ്ട്രി അധ്യാപകനായിരുന്നു. ബിന്‍ലാദിന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാള്‍ അവരില്‍ പലരുടെയും ശബളവും ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ കിട്ടുന്ന സര്‍വിസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞ് കൈക്കലാക്കി.
ഏതാനും നഴ്‌സുമാര്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് ഇയാൾക്ക് നല്‍കിയിട്ടുണ്ട്. താന്‍ നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്ന് ലോണ്‍ അടച്ചുതീര്‍ത്താല്‍ മതിയെന്ന് വിശ്വസിപ്പിച്ചാണ് ലോണെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ദുബൈയില്‍നിന്ന് സൗദിയിലേക്ക് ചോക്ലറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണ് ഇയാൾ ചിലരോട് പറഞ്ഞിട്ടുള്ളത്. മറ്റു ചിലരില്‍ ചിട്ടിയെന്ന് വിശ്വസിപ്പിച്ച് എല്ലാ മാസവും വന്‍തുക വാങ്ങിയിട്ടുണ്ട്. ഭാര്യയുടെ ഉമ്മക്ക് സുഖമില്ലെന്നും അവരെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് തിരിച്ചുവരാമെന്നും പറഞ്ഞ് ഒന്നരമാസം മുമ്പാണ് റിയാദില്‍ നിന്ന് മുങ്ങിയത്. എന്നാല്‍, നാട്ടില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ആര്‍ക്കും അസുഖമില്ലെന്നും അവര്‍ അവിടെ എത്തിയിട്ടില്ലെന്നും വ്യക്തമായി. 13 വര്‍ഷമായി ബന്ധമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നതെങ്കിലും 2019ല്‍ അയാളുടെ മാതാപിതാക്കള്‍ റിയാദില്‍ സന്ദര്‍ശക വിസയില്‍ വന്നു താമസിച്ചിട്ടുണ്ട്.
അല്‍താഫിന്‍റെ മാതാപിതാക്കള്‍ താമസിക്കുന്ന കോഴിക്കോട് പൂവാട്ട്പറമ്പിലെ വീട്ടിലും ഇപ്പോള്‍ താമസിക്കുന്ന പുളിക്കലിലെ വീട്ടിലും ഇയാൾ ഇതുവരെ എത്തിയിട്ടില്ല. മുംബൈയിലുണ്ടാകാനാണ് സാധ്യതയെന്നും ഇവര്‍ പറയുന്നു. സാബിര്‍ മുഹമ്മദ്, അന്‍സല്‍ മുഹമ്മദ്, സമദ് പള്ളിക്കല്‍, സമീര്‍, സജീറുദ്ദീന്‍, സതീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.


