പശ്ചിമേഷ്യയിൽ യുദ്ധമൊഴിയുന്നു; അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ ധാരണ


പ്രദീപ് പുറവങ്കര I അന്താരാഷ്ട്രം

ആഴ്ചകളായി പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ സംഘർഷങ്ങൾക്ക് താൽക്കാലിക വിരാമം. അമേരിക്കയും ഇറാനും രണ്ടാഴ്ചത്തേക്ക് വെടിനിർത്താൻ ധാരണയിലെത്തിയതോടെ ലോകം വലിയൊരു ആശ്വാസത്തിലാണ്. പാകിസ്ഥാൻ്റെ ശക്തമായ നയതന്ത്ര ഇടപെടലുകളാണ് ഇരുരാജ്യങ്ങളെയും വെടിനിർത്തൽ പ്രഖ്യാപനത്തിലേക്ക് എത്തിച്ചത്.

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്‌ചിയും സമാധാനത്തിന്റെ ആദ്യപടിയായി രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ സമ്മതിച്ചു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ ക്ഷണപ്രകാരം ഈ വരുന്ന വെള്ളിയാഴ്ച പാകിസ്ഥാനിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടക്കും. ലോകം ഏറെ പ്രതീക്ഷയോടെയാണ് ഈ കൂടിക്കാഴ്ചയെ നോക്കിക്കാണുന്നത്.

വെടിനിർത്തൽ ധാരണയുടെ ഭാഗമായി ലോകവ്യാപാരത്തിന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നുകൊടുക്കുമെന്ന് ഇറാൻ ഉറപ്പുനൽകി. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി നേരിട്ടാണ് സൈന്യത്തിന് ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള നിർദ്ദേശം നൽകിയത്.

ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചതോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. യുദ്ധത്തിൻ്റെ ആദ്യ ദിനം തന്നെ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് സ്ഥിതിഗതികൾ വഷളാക്കി. തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെ സമാധാനജീവിതം തകരുകയും വലിയ തോതിലുള്ള ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു.

അമേരിക്കയും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം, ഈ രണ്ടാഴ്ച കാലയളവിൽ എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ശത്രുപക്ഷത്ത് നിന്നുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വെടിനിർത്തലിനെ യുദ്ധത്തിൻ്റെ അവസാനമായി കാണേണ്ടതില്ലെന്നും സൈന്യം എപ്പോഴും സജ്ജമാണെന്നുമാണ് ഇറാന്റെ നിലപാട്.

എങ്കിലും, പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾ വരാനിരിക്കുന്ന വലിയൊരു സമാധാന കരാറിലേക്ക് വഴിതുറക്കുമെന്ന പ്രത്യാശയിലാണ് ലോകനേതാക്കളും പ്രവാസി സമൂഹവും.

article-image

asdsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed