ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈനിലെ കഠിനമായ വേനൽച്ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കുന്ന ഉച്ചവിശ്രമ നിയമം ഈ വർഷവും പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ പുറംജോലികൾ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 15 വരെ നീണ്ടുനിന്ന നിരോധന കാലയളവ് ഇത്തവണ ഓഗസ്റ്റ് 31 ഓടെ അവസാനിക്കും എന്നതാണ് ഈ വർഷത്തെ പ്രധാന മാറ്റം. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.
തൊഴിലുടമകൾ തങ്ങളുടെ സ്ഥാപനങ്ങളിൽ ജോലി സമയം വ്യക്തമാക്കുന്ന ഷെഡ്യൂൾ തൊഴിലാളികൾക്ക് കാണാൻ പാകത്തിൽ പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലേബർ ഇൻസ്പെക്ടർമാർ നേരിട്ട് തൊഴിലിടങ്ങളിൽ പരിശോധന നടത്തി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എന്നാൽ ഗ്യാസ്-ഓയിൽ മേഖലയിലുള്ളവർക്കും, അത്യാവശ്യ പൊതുസേവന വിഭാഗങ്ങൾക്കും ഈ നിരോധനത്തിൽ നിന്ന് ഇളവുണ്ട്. കൂടാതെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നവർക്കും ബീച്ചുകളിലും സ്വിമ്മിംഗ് പൂളുകളിലും ജോലി ചെയ്യുന്ന സുരക്ഷാ ജീവനക്കാർക്കും നിബന്ധനകളോടെ ജോലി തുടരാൻ അനുവാദമുണ്ട്.
തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി കുടിവെള്ളവും ആവശ്യമായ പാനീയങ്ങളും ഉറപ്പാക്കാനും വായുസഞ്ചാരമുള്ള വിശ്രമ കേന്ദ്രങ്ങൾ ഒരുക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. വെയിലിൽ നിന്ന് രക്ഷ നേടാൻ കുടകൾ, അനുയോജ്യമായ വസ്ത്രങ്ങൾ എന്നിവ നൽകുന്നതോടൊപ്പം ആർക്കെങ്കിലും അസ്വാസ്ഥ്യം അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ നൽകാനുള്ള സൗകര്യവും തൊഴിലുടമകൾ ഉറപ്പാക്കണം. കഴിഞ്ഞ വർഷം നിയമം പാലിക്കുന്നതിൽ മികച്ച സഹകരണമാണ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. പരിശോധന നടത്തിയ 35,050 തൊഴിലിടങ്ങളിൽ വെറും പത്തെണ്ണത്തിൽ മാത്രമാണ് നിയമലംഘനം കണ്ടെത്തിയത് എന്നത് ബഹ്‌റൈനിലെ ഉയർന്ന നിയമബോധത്തെ സൂചിപ്പിക്കുന്നു.
aa




