ഡിജിസിഎ അനുമതി നിഷേധിച്ചതിനെത്തുടർന്ന് സൗദിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനം മുടങ്ങി
ജിദ്ദ: ഇന്ത്യൻ ഡിജിസിഎ അനുമതി നിഷേധിച്ചതിനെത്തുടർന്ന് സൗദിയിൽ നിന്നും കേരളത്തിലേക്കുള്ള വിമാനം മുടങ്ങി. ഇന്ന് പുലർച്ചെ 12.20ന് ജിദ്ദയിൽ നിന്നും കൊച്ചിയിലേക്ക് പോവേണ്ടിയിരുന്ന സൗദിയയുടെ എസ്‌വി 3572 ചാർട്ടേഡ് വിമാനമാണ് ഡിജിസിഎയുടെ അനുമതിയില്ലാത്തതിനെത്തുടർന്ന് അവസാന നിമിഷം മുടങ്ങിയത്. സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിൽ നിന്നും കിലോമീറ്ററുകളോളം റോഡ് യാത്ര ചെയ്ത് ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പല യാത്രക്കാരും വിമാനം മുടങ്ങിയ വിവരമറിയുന്നത്. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്നവർ, ഗർഭിണികൾ, കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇതോടെ പ്രയാസത്തിലായി.
അയ്യായിരത്തിലധികം രൂപ ചെലവാക്കി എടുത്ത പിസിആർ കോവിഡ് പരിശോധന നെഗറ്റീവ് റിപ്പോർട്ടും ഇതോടെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി. യാതൊരു മുന്നറിയിപ്പുമില്ലാതെ ഡിജിസിഎയുടെ ഭാഗത്ത് നിന്നും വിമാനത്തിനുള്ള അനുമതി നിഷേധിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാർ.

