സൗദിയിലേക്കുള്ള തൊഴില്‍ വിസകളുടെ സ്റ്റാന്പിങ്ങ് പുനഃരാരംഭിക്കുന്നു

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്കുള്ള തൊഴിൽ വിസകളുടെ സ്റ്റാന്പിങ്ങ് പുനഃരാരംഭിക്കുന്നു. സൗദിയിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവ്വിസുകൾ ഭാഗികമായി പുനഃരാരംഭിക്കുകയും പൂർണതോതിലുള്ള സർവ്വീസുകൾ ജനുവരി മുതൽ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശ സൗദി എംബസികളിലും കോൺസുലേറ്റുകളിലും തൊഴിൽവിസകളുടെ സ്റ്റാന്പിങ്ങ് പുനഃരാരംഭിക്കുന്നത്
സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വരുന്ന തിങ്കളാഴ്ച മുതലാണ് തൊഴിൽവിസകൾ സ്റ്റാന്പ് ചെയ്യുവാനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുകയെന്ന് സൗദി എംബസി അറിയിച്ചു. ഇതു പ്രകാരം റിക്രൂട്ട്മെന്റ് ഓഫീസുകൾ മുഖേന മാത്രമായിരിക്കും വിസ സ്റ്റാന്പിങ്ങ് അപേക്ഷകൾ സ്വീകരിക്കുക.
സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുന്പ് കോവിഡ് പരിശോധന നടത്തി രോഗമുക്തരാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് അംഗീകൃത സെന്ററുകളുടെ പട്ടിക സൗദി എംബസി തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.