സ്പോണ്‍സര്‍ വേണ്ടാത്ത പ്രീമിയം ഇഖാമക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി


റിയാദ്: സൌദിയില്‍ സ്ഥിര താമസം സാധ്യമാക്കുന്ന പ്രീമിയം ഇഖാമകള്‍ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഓണ്‍ലൈന്‍ വഴി മൂന്ന് സ്റ്റെപ്പുകളിലൂടെ അപേക്ഷ സമര്‍പ്പിച്ചാല്‍ ഓരോ വര്‍ഷവും പുതുക്കാവുന്ന പ്രീമിയും ഇഖാമകളും ലഭിക്കും. സ്വദേശികള്‍ക്കുള്ള പ്രധാന ആനുകൂല്യങ്ങളെല്ലാം ഈ താമസരേഖയിലൂടെ വിദേശികള്‍ക്കും ഇതോടെ ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രീമിയം റസിഡന്‍സി സെന്ററിന് കീഴിലാണ് പദ്ധതി. ഇംഗ്ലീഷിലും അറബിയിലും അപേക്ഷിക്കാം, ഇതിനായി https://saprc.gov.saഎന്ന സൈറ്റില്‍ പ്രവേശിക്കണം. ഇനി മൂന്ന് സ്റ്റെപ്പ് മതി പ്രീമിയം ഇഖാമ ലഭിക്കാന്‍. രജിസ്റ്റര്‍ നൌ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പേരു വിവരങ്ങളും അക്കൌണ്ടിങ് വിവരങ്ങളും രേഖപ്പെടുത്തുക.

ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. പരിശോധനക്ക് ശേഷം അര്‍ഹനാണെങ്കില്‍ അക്കാര്യം മെയില്‍ വഴി അറിയിക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കുന്ന താമസരീതിക്കനുസരിച്ച് ഫീസടക്കാനുള്ള സമയമാണ്. സ്ഥിര താമസമാണെങ്കില്‍ എട്ടു ലക്ഷം റിയാലാണ് ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്നതാണെങ്കില്‍ ഒരു ലക്ഷവും. എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ വിശദമായുണ്ട്. പണമടച്ചു കഴിഞ്ഞാല്‍ നിയമ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഒരു മാസത്തിനകം ലഭിക്കും സ്ഥിര താമസ രേഖ അഥവാ പ്രീമിയം ഇഖാമകള്‍.വിദേശികള്‍ക്കുള്ള പ്രീമിയം ഇഖാമകള്‍ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് സൌദിയിലെ നിക്ഷേപകര്‍. രാജ്യത്തെ ശരാശരിക്ക് മുകളിലുള്ള സംരംഭകര്‍ക്കെല്ലാം പ്രിമീയം ഇഖാമകള്‍ സ്വന്തമാക്കാം. ക്രിമിനല്‍ കേസില്ലാത്ത മികച്ച വരുമാനക്കാര്‍ക്കും പ്രീമിയം ഇഖാമ ലഭിക്കുന്നതോടെ രാജ്യത്ത് നിക്ഷേപം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed