ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാതെ ഹോർമുസ് ചർച്ചകളില്ല: ബഹ്റൈൻ പാർലിമെന്റംഗങ്ങൾ
പ്രദീപ് പുറവങ്കര
മനാമ: ഇറാനുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായി പുനഃസ്ഥാപിക്കുകയും ബഹ്റൈനുനേരെയുണ്ടായ ആക്രമണങ്ങൾക്ക് പരിഹാരം കാണുകയും ചെയ്ത ശേഷമേ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ചർച്ചകളിൽ ബഹ്റൈൻ പങ്കെടുക്കാവൂ എന്ന് പാർലമെന്റിലെയും ശൂറ കൗൺസിലിലെയും അംഗങ്ങൾ ആവശ്യപ്പെട്ടു.
ഒമാനിൽ നടക്കാനിരിക്കുന്ന യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന ബഹ്റൈന്റെ തീരുമാനത്തെ ജനപ്രതിനിധികൾ പിന്തുണച്ചു. സാധാരണക്കാരുടെ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങളെ ലളിതമായി കാണാൻ കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
നയതന്ത്ര ചർച്ചകളെ ബഹ്റൈൻ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ പരമാധികാരം മാനിക്കാനും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകൾ ഒഴിവാക്കാനും ഭാവിയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനും സാധിച്ചാൽ മാത്രമേ ചർച്ചകൾക്ക് സാധ്യതയുള്ളൂവെന്ന് സഭാംഗങ്ങൾ വ്യക്തമാക്കി.
ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ മാത്രമേ യഥാർത്ഥ സമാധാനത്തിലേക്ക് എത്താൻ സാധിക്കൂ എന്ന് ശൂറ കൗൺസിൽ അംഗം ആദിൽ അൽ അസൂമി പറഞ്ഞു. നിയമപരമായ മാർഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, നയതന്ത്രബന്ധം വീണ്ടെടുക്കാതെ ഇറാനുമായി ബഹ്റൈൻ ചർച്ച നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈന്റെ ജനങ്ങളും സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ചുവപ്പുവരകളാണെന്ന് എം.പി ഹസ്സൻ ഇബ്രാഹിം പറഞ്ഞു. സിവിൽ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഇറാനുമായി ചർച്ച തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത നിയമങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായിരിക്കണമെന്ന് എം.പി മറിയം അൽ സയീഗ് അഭിപ്രായപ്പെട്ടു. 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാറിനും (UNCLOS) അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (IMO) മാനദണ്ഡങ്ങൾക്കും അനുസൃതമായിരിക്കണം ഇതെന്നും അവർ വ്യക്തമാക്കി.
മേഖലയിലെ പിരിമുറുക്കങ്ങൾ ലഘൂകരിക്കാൻ ഒമാൻ നടത്തുന്ന ശ്രമങ്ങളെ ബഹ്റൈൻ ജനപ്രതിനിധികൾ പ്രശംസിച്ചു. എങ്കിലും, മേഖലയുടെ സുരക്ഷയും ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും സംരക്ഷിച്ചുകൊണ്ടുള്ള നടപടികൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് സഭാംഗങ്ങൾ വ്യക്തമാക്കി.
അതേസമയം ഒമാനിലെ സലാലയിൽ ഇന്ന് നടക്കേണ്ടിയിരുന്ന പ്രധാന പ്രാദേശിക യോഗം മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. നിർമ്മാണാത്മകമായ ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിന് കൂടുതൽ സമയം ആവശ്യമായതിനാലാണ് തീരുമാനം. സുസ്ഥിരമായ ധാരണകളിലേക്ക് നയിക്കുന്ന ചർച്ചകളെ പിന്തുണയ്ക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും കൂടുതൽ ശക്തിപ്പെടുത്താനുമാണ് യോഗം മാറ്റിവെച്ചതിലൂടെ ലക്ഷ്യമിടുന്നത്. യോഗം നടക്കേണ്ട പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
sdfdsf

