പോലീസുകാരെ ആക്രമിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു; 55-കാരിയായ ബഹ്‌റൈൻ വനിതയ്‌ക്കെതിരെ കേസ്
പ്രദീപ് പുറവങ്കര
മനാമ: കൃത്യനിർവ്വഹണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ 55-കാരിയായ ബഹ്‌റൈൻ സ്വദേശിനിക്കെതിരെ കേസ്. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പബ്ലിക് സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ ബലപ്രയോഗം നടത്തിയതിനുമാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്.
2026 ഏപ്രിൽ 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം സൈബർ ക്രൈം ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുമായി പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ ഇവർ ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള പൊട്ടിയ വലിയ ഗ്ലാസ് കപ്പുമായി ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി, തന്നെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പോലീസുകാരെ കൈയേറ്റം ചെയ്തു.
ആക്രമണത്തിൽ ആദ്യ ഉദ്യോഗസ്ഥന്റെ വലതുകൈ പെരുവിരലിന് പരിക്കേറ്റു. പ്രതിയുടെ കയ്യിൽ നിന്ന് ഗ്ലാസ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ ഉദ്യോഗസ്ഥന്റെ ഇടതുകൈയിലെ ചെറുവിരലിന് മുറിവേൽക്കുകയും, പ്രതിയെ കീഴടക്കാൻ ശ്രമിച്ചപ്പോൾ വാരിയെല്ലിന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ ഡയറക്ടറേറ്റിൽ എത്തിച്ച ശേഷം കൈവിലങ്ങ് ഊരിമാറ്റി അവിടെയുണ്ടായിരുന്ന വനിതാ ഓഫീസറെയും ആക്രമിക്കാൻ ശ്രമിച്ചു. പ്രതിരോധിക്കുന്നതിനിടെ വനിതാ ഉദ്യോഗസ്ഥയുടെ കൈയിലെ ലിഗമെന്റിന് ഗുരുതരമായി പരിക്കേൽക്കുകയും 21 ദിവസത്തിലധികം നീണ്ട ചികിത്സയും ഫിസിയോതെറാപ്പിയും ആവശ്യമായി വരികയും ചെയ്തു.
ആദ്യ രണ്ട് ഉദ്യോഗസ്ഥരുടെയും പരിക്കുകൾ സ്ഥിരമായ വൈകല്യത്തിന് കാരണമാകില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കേസിൽ വാദം കേട്ട കോടതി കേസ് വിധിക്കായി 2026 ഒക്ടോബർ 13-ലേക്ക് മാറ്റി.
sdfsdf

