ബഹ്റൈന്റെ വിദേശവ്യാപാരത്തിൽ ശക്തമായ തിരിച്ചുവരവ്; ജൂൺ മാസം കയറ്റുമതി 259 ദശലക്ഷം ദിനാറിലെത്തിയതായി കണക്കുകൾ


പ്രദീപ് പുറവങ്കര

മനാമ: യു.എസ്-ഇറാൻ സംഘർഷങ്ങൾ, ഇറാൻ്റെ ആക്രമണങ്ങൾ, വ്യോമപാത അടച്ചുപൂട്ടൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസ്സങ്ങൾ എന്നിവ കാരണം മാർച്ച് മുതൽ കടുത്ത പ്രതിസന്ധി നേരിട്ട ബഹ്റൈന്റെ വിദേശവ്യാപാര മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ തടസ്സങ്ങൾക്ക് ശേഷം ജൂൺ മാസത്തിൽ രാജ്യത്തിന്റെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി 259 ദശലക്ഷം ബഹ്റൈനി ദിനാറിലെത്തി.

ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (iGA) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അലുമിനിയം, ഇരുമ്പ്, സ്റ്റീൽ എന്നിവയാണ് ബഹ്റൈന്റെ ആകെ കയറ്റുമതിയുടെ 77 ശതമാനവും സ്വന്തമാക്കിയത്. ഈ ഉൽപ്പന്നങ്ങളുടെ മാത്രം മൂല്യം 199.5 ദശലക്ഷം ദിനാറിലെത്തി. ഇതിൽ അലുമിനിയവും അനുബന്ധ ഉൽപ്പന്നങ്ങളും 116.2 ദശലക്ഷം ദിനാറിന്റെയും ഇരുമ്പും സ്റ്റീലും 50.2 ദശലക്ഷം ദിനാറിന്റെയും കയറ്റുമതി രേഖപ്പെടുത്തി. ഇരുമ്പ്, സ്റ്റീൽ അനുബന്ധ ഉൽപ്പന്നങ്ങൾ 33.1 ദശലക്ഷം ദിനാറിന്റെ കയറ്റുമതി നടത്തി.

പകുതി പൂർത്തിയായ ഇരുമ്പ്, സ്റ്റീൽ ഉൽപ്പന്നങ്ങളാണ് 48.6 ദശലക്ഷം ദിനാറുമായി ബഹ്റൈന്റെ ഏറ്റവും വലിയ ഒറ്റ കയറ്റുമതി ഉൽപ്പന്നമായി മാറിയത്. അൺറോട്ട് അലുമിനിയം അലോയ്കൾ 45 ദശലക്ഷം ദിനാറും ഇരുമ്പ്, സ്റ്റീൽ പാലങ്ങളും അവയുടെ ഭാഗങ്ങളും 28.5 ദശലക്ഷം ദിനാറും നേട്ടം കൈവരിച്ചു. സംസ്കരിച്ച ചീസ് കയറ്റുമതി 10.5 ദശലക്ഷം ദിനാറിലെത്തി.

അലോയ് അലുമിനിയം വയറുകളുടെ കയറ്റുമതിയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മാർച്ചിൽ 1.3 ദശലക്ഷം ദിനാറായിരുന്നത് ഏപ്രിലിൽ 6.3 ദശലക്ഷമായും മെയ് മാസത്തിൽ 12.1 ദശലക്ഷമായും ഉയർന്ന ശേഷം ജൂണിൽ 19.1 ദശലക്ഷം ദിനാറിലെത്തി. ആദ്യ രണ്ട് മാസങ്ങളിലെ ശരാശരിയേക്കാൾ 219.7 ശതമാനം വർദ്ധനവാണ് ഇതിന്റെ മൂല്യത്തിൽ ഉണ്ടായത്. അമേരിക്കയാണ് 10.1 ദശലക്ഷം ദിനാർ നൽകി ഇത് ഏറ്റവും കൂടുതൽ വാങ്ങിയത്. സൗദി അറേബ്യ 4.7 ദശലക്ഷം ദിനാറുമായി രണ്ടാമതാണ്. കോപ്പർ പൈപ്പുകളുടെ കയറ്റുമതിയും ജൂണിൽ 4.7 ദശലക്ഷം ദിനാറായി ഉയർന്നു.

ജൂൺ മാസത്തിൽ ബഹ്റൈന്റെ ആകെ ഇറക്കുമതി 372.5 ദശലക്ഷം ദിനാറാണ്. 32.6 ദശലക്ഷം ദിനാറിന്റെ സ്വർണ്ണക്കട്ടികളാണ് ഇറക്കുമതിയിൽ ഒന്നാമത്. അലുമിന 31 ദശലക്ഷം ദിനാറും സ്വർണ്ണാഭരണങ്ങൾ 13.6 ദശലക്ഷം ദിനാറും ഇറക്കുമതി മൂല്യം രേഖപ്പെടുത്തി. ഓസ്ട്രേലിയ, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ നിന്നായി 1,81,100 ടൺ അലുമിന ഇറക്കുമതി ചെയ്തു. യുകെയിൽ നിന്നുള്ള ജെറ്റ് എൻജിനുകളുടെ ഇറക്കുമതി 11.1 ദശലക്ഷം ദിനാറാണ്.

മാർച്ചിനു ശേഷം ഗോതമ്പ് പൊടിയുടെ ഇറക്കുമതിയിലും വർദ്ധനവുണ്ടായി. ജൂണിൽ 4,573.1 ടൺ ഗോതമ്പ് പൊടിയാണ് ഇറക്കുമതി ചെയ്തത്, ഇതിന്റെ മൂല്യം 1.1 ദശലക്ഷം ദിനാറാണ്. ഇതിൽ 4,451 ടണ്ണും യു.എ.ഇയിൽ നിന്നാണ് എത്തിച്ചത്. മരുന്നുകളുടെ ഇറക്കുമതി ഏപ്രിലിൽ 12.9 ദശലക്ഷം ദിനാറിലേക്ക് ഉയർന്ന ശേഷം ജൂണിൽ 7.6 ദശലക്ഷം ദിനാറായി കുറഞ്ഞു.

ജൂൺ മാസത്തിലെ ആകെ പുനർകയറ്റുമതി (Re-exports) 53.8 ദശലക്ഷം ദിനാറാണ്. 7.6 ദശലക്ഷം ദിനാറിന്റെ സ്വർണ്ണക്കട്ടികളും 5 ദശലക്ഷം ദിനാറിന്റെ ജെറ്റ് എൻജിനുകളും 3.8 ദശലക്ഷം ദിനാറിന്റെ വിമാന ഭാഗങ്ങളുമാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed