സൗദിയിൽ ഉംറ തീർത്ഥാടകരുടെ വൻ വർധനവ്: ആദ്യ പാദത്തിൽ 1.5 കോടിയിലധികം പേരെത്തി
ഷീബ വിജയൻ
റിയാദ്: സൗദിയിൽ ഈ വർഷം ആദ്യ പാദത്തിൽ ഉംറ നിർവഹിച്ചത് 1.5 കോടിയിലധികം തീർഥാടകർ. ഇതിൽ ആകെ തീർഥാടകരിൽ 59.4 ശതമാനം പുരുഷന്മാരും 40.6 ശതമാനം സ്ത്രീകളുമാണ്. ഇതിൽ സൗദി പൗരന്മാരുടെ പങ്കാളിത്തം 28.9 ശതമാനമാണ്. വിദേശത്തുനിന്ന് എത്തിയവരുടെ എണ്ണം 57 ലക്ഷത്തിലധികം വരും. ഭൂരിഭാഗം പേരും അതായത് 86 ശതമാനത്തോളം ആളുകൾ വിമാനമാർഗമാണ് രാജ്യത്ത് എത്തിയത്. 13.6 ശതമാനം പേർ കരമാർഗവും 0.4 ശതമാനം പേർ കടൽമാർഗവും എത്തിച്ചേർന്നു.
രാജ്യത്തിനകത്തുനിന്ന് ഉംറ നിർവഹിച്ച ആഭ്യന്തര തീർഥാടകരുടെ എണ്ണം 94 ലക്ഷത്തിലധികം വരും. ഇതിൽ 43 ലക്ഷത്തിലധികം സൗദി പൗരന്മാരും 50 ലക്ഷത്തിലധികം വിദേശികളുമാണ്. ആഭ്യന്തര തീർഥാടകരിൽ 75.4 ശതമാനം പേരും കുടുംബത്തോടൊപ്പമാണ് ഉംറ നിർവഹിച്ചത്. മക്കാ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആഭ്യന്തര തീർഥാടകർ എത്തിയത്. ജനുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര തീർഥടകരെത്തിയതെങ്കിൽ, ആഭ്യന്തര തീർഥാടകരുടെ എണ്ണം ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത് ഫെബ്രുവരിയിലാണ്.
തീർഥാടനത്തോടൊപ്പം സന്ദർശകർ മദീനയിലേക്കും വലിയ തോതിൽ എത്തിച്ചേർന്നു. ആദ്യ പാദത്തിൽ വിദേശത്തുനിന്നുള്ള മദീന സന്ദർശകരുടെ എണ്ണം 37 ലക്ഷം കവിഞ്ഞു. കൂടാതെ, മതപരമായ ആവശ്യങ്ങൾക്കായി മദീന സന്ദർശിച്ച ആഭ്യന്തര തീർഥാടകരുടെ എണ്ണം 19 ലക്ഷത്തിലധികം വരും. ഇതിൽ സൗദി പൗരന്മാരും വിദേശികളും തുല്യമായ പങ്കാളിത്തം കാഴ്ചവെച്ചു.
sdsdsadsds

