പങ്കാളിക്കെതിരെ ഭക്ഷ്യവ്യാപാര കമ്പനി നൽകിയ കേസ് ഹൈ കോമേഴ്സ്യൽ കോടതി തള്ളി
പ്രദീപ് പുറവങ്കര
മനാമ: മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും പങ്കാളിയുമായ വ്യക്തിക്കും മറ്റൊരു കമ്പനിക്കുമെതിരെ ഭക്ഷ്യവ്യാപാര കമ്പനി ഫയൽ ചെയ്ത ഹർജി ബഹ്‌റൈൻ ഹൈ കോമേഴ്സ്യൽ കോടതി തള്ളി. ഭൂമി ഇടപാട്, കടകളുടെ വാടക, കമ്പനി വാഹനത്തിന് വരുത്തിയ കേടുപാടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരവും കുടിശ്ശിക തുകയും ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചിരുന്നത്.
മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ സമാന്തരമായി മറ്റൊരു മത്സരാധിഷ്ഠിത സ്ഥാപനം ആരംഭിച്ചതായും സ്വന്തം ആവശ്യങ്ങൾക്കായി കമ്പനിയിലെ രണ്ട് ജീവനക്കാരെ നിയമവിരുദ്ധമായി ഉപയോഗപ്പെടുത്തിയതായും ഹർജിയിൽ ആരോപിച്ചിരുന്നു. കേസ് ഫയൽ ചെയ്യുന്നതിന് മുൻപ് തന്നെ ജനറൽ അസംബ്ലി യോഗം ചേർന്ന് ഇയാളെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നതായി കമ്പനി വ്യക്തമാക്കി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10,000 ബഹ്‌റൈനി ദിനാർ തിരികെ ലഭിക്കണമെന്നതായിരുന്നു കമ്പനിയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ, ഈ തുക പ്രതികളിൽ നിന്ന് ഈടാക്കാൻ കമ്പനിക്ക് അർഹതയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ രണ്ടാം പ്രതി വാദിയും മറ്റൊരു വ്യക്തിയും തമ്മിലുള്ള കരാറിൽ ഇടനിലക്കാരനായി മാത്രമാണ് പ്രവർത്തിച്ചതെന്ന് കോടതി കണ്ടെത്തി.
കമ്പനി വാടക നൽകിയിരുന്ന രണ്ട് കടകളുടെ വാടക കരാറുകളുമായി ബന്ധപ്പെട്ട സാക്ഷിമൊഴികളും കോടതി വിശദമായി പരിശോധിച്ചു. സമർപ്പിക്കപ്പെട്ട തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ, ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ള തുകക്കോ നഷ്ടപരിഹാരത്തിനോ വാദി ഭാഗത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കി കോടതി കേസ് പൂർണ്ണമായും തള്ളുകയായിരുന്നു.
zdvzv

