പൊതുപാർക്കുകളെ ഓപ്പൺ എയർ ജിമ്മുകളാക്കാൻ നിർദ്ദേശവുമായി ബഹ്റൈൻ സൗത്ത് മുനിസിപ്പൽ കൗൺസിൽ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ പൊതുപാർക്കുകളെ ഓപ്പൺ എയർ കാലിസ്‌തെനിക്‌സ് വ്യായാമ കേന്ദ്രങ്ങളാക്കി മാറ്റാൻ നിർദ്ദേശവുമായി സൗത്ത് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുള്ള ഇബ്രാഹിം ലത്തീഫ്. മങ്കി ബാറുകൾ, പുൾ-അപ്പ് ബാറുകൾ, പാരലൽ ബാറുകൾ, ഡിപ് ബാറുകൾ, ലോ ട്രെയിനിംഗ് ബാറുകൾ എന്നിവ ഉൾപ്പെടുത്തി പാർക്കുകൾ നവീകരിക്കാനാണ് ഈ നിർദേശം ലക്ഷ്യമിടുന്നത്.
സുരക്ഷിതമായി വ്യായാമം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ക്യുആർ (QR) കോഡ് ബോർഡുകൾ ഓരോ കേന്ദ്രത്തിലും സ്ഥാപിക്കുവാനും നിർദേശമുണ്ട്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഈ ക്യുആർ കോഡുകൾ ലഭ്യമായിരിക്കും. ഇവ സ്കാൻ ചെയ്യുന്നതിലൂടെ വ്യായാമം ചെയ്യുന്ന രീതികൾ, മുൻകരുതലുകൾ, പരിക്കുകൾ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവ അടങ്ങിയ വീഡിയോകളും ഗൈഡുകളും ഉപയോക്താക്കൾക്ക് ലഭിക്കും.
കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിട്ട ജിമ്മുകൾക്ക് പകരം തുറസ്സായ സ്ഥലങ്ങളിൽ വ്യായാമം ചെയ്യുന്ന ശീലം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. നിലവിലുള്ള പാർക്കുകളിൽ തന്നെ ഇത്തരം പ്രത്യേക വർക്കൗട്ട് സ്റ്റേഷനുകൾ സ്ഥാപിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈസ്റ്റ് റിഫയിലെ അൽ-ഇസ്തിഖ് ലാൽ വാക്ക്‌വേ, ബുഹൈർ ഹൗസിംഗ് പാർക്ക് എന്നിവ ഇതിന് മികച്ച മാതൃകകളാണ്.
കുട്ടികളുടെ കളിസ്ഥലങ്ങളിലും സമാനമായ രീതിയിൽ ക്യുആർ കോഡുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഓരോ ഉപകരണവും ഏത് പ്രായക്കാർക്കുള്ളതാണെന്നും കുട്ടികൾ കളിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിലൂടെ മനസ്സിലാക്കാം. കൂടാതെ മുതിർന്ന പൗരന്മാർക്കായി ലളിതമായ വ്യായാമ ഗൈഡുകളും ലഭ്യമാക്കും. ബഹ്റൈന്റെ കായിക വികസന കാഴ്ചപ്പാടിനും ഈ പദ്ധതി ഏറെ അനുയോജ്യമാണെന്ന് കൗൺസിൽ ചെയർമാൻ കൂട്ടിച്ചേർത്തു.
ergdrg

