ഇന്ത്യയിൽ നിന്നുള്ള കോഴിമുട്ട കോഴിയിറച്ചി എന്നിവയ്ക്ക് സൗദിയിൽ വിലക്കേർപ്പെടുത്തി
റിയാദ് : ഇന്ത്യയിൽ നിന്നുള്ള കോഴിമുട്ട, കോഴിയിറച്ചി എന്നിവയ്ക്ക് സൗദി അറേബ്യയിൽ താൽക്കാല വിലക്കേർപ്പെടുത്തി. കർണാടകയിലെ ചില ജില്ലകളിൽ വ്യാപകമായി പക്ഷിപ്പനി പടർന്നു പിടിച്ചതായി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് നടപടി. ജനുവരിയിലാണ് ബംഗളൂരുവിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോൾ പല ജില്ലകളിലും വ്യാപകമായി രോഗം പടർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുടെ മൊത്തം കോഴിയിറച്ചി, മുട്ട കയറ്റുമതിയുടെ മൂന്ന് ശതമാനത്തോളം സൗദിയിലേക്കാണ്. പ്രതിവർഷം ഏതാണ്ട് 520 കോടി രൂപയുടെ കോഴിയിറച്ചിയും, മുട്ടയുമാണ് സൗദി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ മൊത്തം കോഴി കയറ്റുമതി പ്രതിവർഷം ഒരു ലക്ഷം കോടി രൂപയാണ്. സൗദി അറേബ്യക്ക് പിന്നാലെ മറ്റ് ഗൾഫ് രാജ്യങ്ങളും നിരോധനം ഏർപ്‍പെടുത്തുമോ എന്ന ആശങ്കയിലാണ് കയറ്റുമതിക്കാരും ഫാം ഉടമകളും.

