സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍
ഷീബ വിജയൻ
കൊച്ചി: ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു. ജസ്റ്റിസ് കെ നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് കേൾക്കുന്നത്. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയൻ, മകൾ ടി വീണ, മരുമകനും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ അപ്പീൽ സമർപ്പിച്ചത്. സ്വന്തം ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധിയുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയും, സിംഗിൾ ബെഞ്ച് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹർജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിക്കുകയുമായിരുന്നു.
കേസിലെ വിജിലൻസ് അന്വേഷണവും 10 ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. പിണറായി വിജയൻ, മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ് എന്നിവർക്ക് പുറമെ പി. നിഖിൽ കെ. വാരിസ്, ഷൈജൽ, എം നന്ദുലാൽ എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവ് പൂർണമായും റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പ് ഹർജിക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
നേരത്തെ വാദം കേട്ട ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് സർവീസ് ലീഗൽ എഗ്രിമെന്റ് വഴി പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപ സിഎംആർഎൽ നൽകിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിനുപുറമെ ഐടി - മാർക്കറ്റിങ് കൺസൾട്ടൻസി പ്രതിഫലമായും തുക കൈമാറിയിരുന്നു. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
hjujkljklk

