വിവാഹപൂർവ്വ വൈദ്യപരിശോധനാ നടപടികൾ ഇനി കൂടുതൽ എളുപ്പം; സ്വകാര്യ ആശുപത്രികൾ വഴി നേരിട്ട് സർട്ടിഫിക്കറ്റ് നേടാം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ വിവാഹിതരാകാൻ തയ്യാറെടുക്കുന്ന ദമ്പതികൾക്കുള്ള വിവാഹപൂർവ്വ വൈദ്യപരിശോധനാ നടപടികൾ കൂടുതൽ ലളിതമാക്കി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി . ഇനിമുതൽ സ്വകാര്യ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും പരിശോധന നടത്തുന്നവർക്ക് സർട്ടിഫിക്കറ്റിനായി വീണ്ടും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല. ഇത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
നടപടിക്രമങ്ങളിലെ പ്രധാന മാറ്റങ്ങളുടെ ഭാഗമായി, മുൻപ് സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നവർ ഫലങ്ങൾ ലഭിച്ച ശേഷം സർട്ടിഫിക്കറ്റിനായി സർക്കാർ ആശുപത്രികളിൽ പ്രത്യേക അപ്പോയിന്റ്മെന്റ് എടുക്കേണ്ടിയിരുന്നു. എന്നാൽ ഇനിമുതൽ സ്വകാര്യ ആശുപത്രികൾ തത്സമയം മെഡിക്കൽ രേഖകൾ അപ്ലോഡ് ചെയ്യുന്ന രീതിയിലേക്ക് സിസ്റ്റം മാറിയതിനാൽ ഈ അധിക ഘട്ടം പൂർണ്ണമായും ഒഴിവാകും. പാരമ്പര്യ രക്തരോഗങ്ങളായ സിക്കിൾ സെൽ, തലാസീമിയ തുടങ്ങിയവയും, എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി, സിഫിലിസ് തുടങ്ങിയ പകർച്ചവ്യാധികളുമാണ് പ്രധാനമായും ഈ പരിശോധനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി അംഗീകൃത സ്ഥാപനങ്ങൾ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന് അതിൻ്റെ തീയതി മുതൽ ആറ് മാസത്തെ കാലാവധിയുണ്ടായിരിക്കും.
പരിശോധനാ ഫലങ്ങൾ അനുകൂലമാണെങ്കിൽ അംഗീകൃത ഹെൽത്ത് കെയർ സ്ഥാപനം നേരിട്ട് സർട്ടിഫിക്കറ്റ് നൽകും. എന്നാൽ വൈദ്യശാസ്ത്രപരമായി തടസ്സങ്ങളുണ്ടെങ്കിൽ, ഫലങ്ങൾ വ്യക്തിഗതമായും തികച്ചും രഹസ്യമായും രോഗബാധിതനായ വ്യക്തിയെ മാത്രമായി അറിയിക്കും. രോഗബാധിതൻ്റെ എഴുത്തുപൂർവ്വമായ സമ്മതമില്ലാതെ ഈ വിവരം പങ്കാളിയെ അറിയിക്കാൻ പാടില്ലാത്തതാണ്. സമ്മതം ലഭിക്കാത്ത പക്ഷം സർട്ടിഫിക്കറ്റ് വിതരണം മരവിപ്പിക്കും. വിവരങ്ങൾ പങ്കുവെക്കാൻ പങ്കാളികൾക്ക് സമ്മതമുണ്ടെങ്കിൽ, ഇരുവർക്കും ഒന്നിച്ച് മെഡിക്കൽ കൗൺസിലിംഗ് നൽകും. തുടർന്നും മുന്നോട്ട് പോകാൻ താല്പര്യപ്പെടുന്നുവെങ്കിൽ കൗൺസിലിംഗ് ലഭിച്ചതായി വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിൽ ഇരുവരും ഒപ്പുവെക്കേണ്ടതുണ്ട്.
കഴിഞ്ഞ വർഷം ബഹ്റൈനിൽ ആകെ 5,690 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 77.8 ശതമാനവും അതായത് 4,428 വിവാഹങ്ങൾ ബഹ്റൈൻ സ്വദേശികൾ തമ്മിലായിരുന്നു. 562 കേസുകളിൽ ബഹ്റൈൻ പുരുഷന്മാരും വിദേശി വനിതകളും, 396 കേസുകളിൽ ബഹ്റൈൻ വനിതകളും വിദേശി പുരുഷന്മാരും വിവാഹിതരായി. ശേഷിക്കുന്ന 304 വിവാഹങ്ങൾ പ്രവാസികൾ തമ്മിലായിരുന്നുവെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
adssdadsa

