സൗദി പൗരന്മാർക്ക് വൻ സാമ്പത്തിക ആശ്വാസ പദ്ധതികളുമായി ഭരണകൂടം: അലവൻസിലും പ്രതിമാസ ശമ്പളത്തിലും വലിയ വർധനവ്
ശാരിക
റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശ അംഗീകരിച്ച്, സൗദി പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്ന വിപുലമായ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് സൽമാൻ രാജാവ്. 2027 ജനുവരി 1 മുതൽ വൈദ്യുതി, കുടിവെള്ള ഉപഭോഗ നിരക്കുകളിൽ സൗദി എനർജി കമ്പനിയും നാഷണൽ വാട്ടർ കമ്പനിയും ഭേദഗതി വരുത്തുന്ന സാഹചര്യത്തിലാണ് പൗരന്മാർക്ക് താങ്ങായി ഭരണകൂടത്തിന്റെ നിർണായക ഇടപെടൽ.
പുതിയ ഉത്തരവ് പ്രകാരം സിവിൽ-സൈനിക ജീവനക്കാർ, ഓപ്പറേഷൻ പ്രോഗ്രാം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ, പെൻഷൻകാർ എന്നിവർക്ക് പ്രതിമാസ അലവൻസിൽ 500 റിയാലിന്റെ വർധനവ് ലഭിക്കും. ഇതിന് പുറമേ, മരണപ്പെട്ട വരിക്കാരുടെയും പെൻഷൻകാരുടെയും കുടുംബാംഗങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാകും. നിരക്ക് വർധനവ് മൂലമുണ്ടാകുന്ന അമിത സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി സോഷ്യൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് പ്രതിമാസം 500 റിയാൽ വീതം പ്രത്യേക സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനായി 'നിതാഖാത്' പദ്ധതിയിലും സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കമ്പനികളിലെ സ്വദേശിവൽക്കരണ ശതമാനത്തിൽ പൂർണ്ണമായി കണക്കാക്കപ്പെടാൻ സൗദി ജീവനക്കാരുടെ കുറഞ്ഞ ശമ്പളപരിധി 5,000 റിയാലായി ഉയർത്തി. ഉത്തരവ് ഇറങ്ങി ആറ് മാസത്തിന് ശേഷമായിരിക്കും ഇത് നിലവിൽ വരിക. ഇതിന് ശേഷം 12 മാസം പിന്നിടുമ്പോൾ കുറഞ്ഞ ശമ്പളപരിധി 6,000 റിയാലായി വീണ്ടും ഉയർത്തും. സ്വദേശി ജീവനക്കാരുടെ വേതനം വർധിപ്പിക്കുന്നതിനും തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ നടപടികൾ.
േ്ിുേു

