ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ ആദ്യ ഇലക്ട്രിക് ടാക്സി സർവീസിന് തുടക്കം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മാർഗ്ഗനിർദേശപ്രകാരം, 2060-ഓടെ കാർബൺ രഹിത രാജ്യമെന്ന നേട്ടം കൈവരിക്കാനുള്ള ലക്ഷ്യങ്ങൾക്ക് കരുത്തേകി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ ഇലക്ട്രിക് ടാക്സി പദ്ധതിക്ക് തുടക്കമായി. ഗതാഗത, വാർത്താവിനിമയ മന്ത്രാലയവും ഫാഖ്റോ മോട്ടോഴ്സും തമ്മിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഒരു വർഷത്തെ ഈ പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിരിക്കുന്നത്.
മന്ത്രാലയ പരിസരത്തും വിമാനത്താവളത്തിലുമായി നടന്ന ചടങ്ങിൽ ഗതാഗത, വാർത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പൈലറ്റ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട നാല് ടാക്സി ഡ്രൈവർമാർ ഫാഖ്റോ മോട്ടോഴ്സ് നൽകിയ 'BYD ATTO 3' മോഡലിലുള്ള പൂർണ്ണ ഇലക്ട്രിക് വാഹനങ്ങൾ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും. നറുക്കെടുപ്പിലൂടെയാണ് ആറുമാസത്തെ ഘട്ടങ്ങളിലേക്ക് ഡ്രൈവർമാരായ ഹുസൈൻ മുഹമ്മദ് സുൽത്താൻ, ജമീൽ നാജി അലി അൽ ഷാവി, സയ്യിദ് അയ്മൻ അലി മൊഹ്സിൻ എന്നിവരെ മന്ത്രി തെരഞ്ഞെടുത്തത്. പദ്ധതിക്കായി വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളും പ്രത്യേക ടാക്സി വെയ്റ്റിംഗ് ഏരിയയും പാർക്കിംഗ് കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, യാത്രക്കാരുടെ സൗകര്യാർത്ഥം വിമാനത്താവളത്തിലെ ബഹ്റൈൻ പോസ്റ്റ് ഓഫീസും ഒൻപത് ഭാഷകളിൽ തത്സമയ തർജ്ജമ നൽകുന്ന ലാംഗ്വേജ് അസിസ്റ്റൻസ് സിസ്റ്റവും മന്ത്രി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പോസ്റ്റ് ജീവനക്കാർ പൂർണ്ണമായും വികസിപ്പിച്ചെടുത്ത ഈ സിസ്റ്റം വിദേശികളായ യാത്രക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കും. യാത്രക്കാർക്ക് അധിക ലഗേജുകൾ കുറഞ്ഞ ചെലവിൽ നാട്ടിലേക്കും മറ്റും അയക്കാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്ന് കരഗതാഗത പോസ്റ്റൽ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ധാഇൻ വ്യക്തമാക്കി. എറൈവൽ ടെർമിനലിലെ ഗേറ്റ് 4 ന് സമീപം സുരക്ഷിതമായി ഡെലിവറികൾ ശേഖരിക്കാൻ സഹായിക്കുന്ന 'റെഡ് ബോക്സ്' ഇലക്ട്രോണിക് പാഴ്സൽ ലോക്കർ സേവനവും മന്ത്രാലയം അവതരിപ്പിച്ചു.
രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കും ഒരുപോലെ പരിസ്ഥിതി സൗഹൃദപരമായ മികച്ച യാത്രാനുഭവം ഉറപ്പാക്കാനും ഹരിത മുന്നേറ്റത്തിൽ ബഹ്റൈൻ മുന്നിലാണെന്ന സന്ദേശം നൽകാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഫാഖ്റോ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഫക്രൂ പറഞ്ഞു.
#4PMNews #Bahrain #ElectricTaxi #BahrainAirport
ererwewewr

