ബഹ്റൈനിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ലൈസൻസ് എടുക്കാൻ പരിശീലനം നിർബന്ധമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും നിർബന്ധിത പരിശീലനം ഏർപ്പെടുത്തി പുതിയ ഉത്തരവ്. ഇതോടൊപ്പം, സ്വകാര്യ ആരോഗ്യ മേഖലയെ ബാധിക്കുന്ന ഏത് തീരുമാനങ്ങളെടുക്കുന്നതിന് മുൻപും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അഭിപ്രായം തേടാൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെടുന്ന മറ്റൊരു ഉത്തരവും പുറത്തിറങ്ങി. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് ഇത് സംബന്ധിച്ച പുതിയ തീരുമാനങ്ങളിൽ ഒപ്പുവെച്ചത്.

2026-ലെ 61-ാം നമ്പർ ഉത്തരവ് പ്രകാരം, ബഹ്‌റൈനിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാനായി ലൈസൻസിന് അപേക്ഷിക്കുന്ന ഏതു വ്യക്തിയും എൻ.എച്ച്.ആർ.എ പരീക്ഷ പാസാകേണ്ടതുണ്ട്. കൂടാതെ അതോറിറ്റിയുടെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുകയും നിശ്ചിത പരിശീലന മണിക്കൂറുകൾ പൂർത്തിയാക്കുകയും വേണം. പ്ലാറ്റ്‌ഫോമിന്റെ ആദ്യ വർഷത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നിർദ്ദിഷ്ട മണിക്കൂറുകളുടെ 33 ശതമാനവും, രണ്ടാം വർഷം മുതൽ അപേക്ഷിക്കുന്ന പുതിയ അപേക്ഷകർ 50 ശതമാനം പരിശീലന മണിക്കൂറുകളും പൂർത്തിയാക്കണം. ലൈസൻസ് പുതുക്കുന്ന ആരോഗ്യപ്രവർത്തകർക്കും ഈ നിർബന്ധിത പരിശീലനം ബാധകമാണ്.

ഇതോടൊപ്പം പുറത്തിറക്കിയ 2026-ലെ 60-ാം നമ്പർ ഉത്തരവ് പ്രകാരം, സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നേരിട്ട് ബാധിക്കുന്ന നിയമങ്ങളോ തീരുമാനങ്ങളോ എടുക്കുന്നതിന് മുൻപ് അവരുടെ അഭിപ്രായം തേടാൻ എൻ.എച്ച്.ആർ.എ ബാധ്യസ്ഥരായിരിക്കും. നിർദ്ദിഷ്ട മാറ്റങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റിലെ പ്രത്യേകം മാറ്റിവെച്ച വിഭാഗത്തിൽ പ്രസിദ്ധീകരിക്കണം. ഇതിന്മേൽ പ്രതികരിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കുറഞ്ഞത് ഏഴ് പ്രവൃത്തിദനങ്ങൾ സമയം നൽകും. ചർച്ചകൾ അവസാനിച്ച ശേഷം ലഭിച്ച മറുപടികളുടെ സംഗ്രഹം എൻ.എച്ച്.ആർ.എ വെബ്‌സൈറ്റിൽ തന്നെ പരസ്യപ്പെടുത്തുകയും ചെയ്യും.

#4PMNews #Bahrain #NHRA #BahrainHealthcare Reporter: പ്രദീപ് പുറവങ്കര

article-image

efdsfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed