ഇരുപത്തഞ്ച് വയസിന് മുകളിലുള്ള വിദേശ വനിതകൾക്ക് ഒറ്റയ്ക്ക് സൗദി സന്ദർശിക്കാൻ അനുമതി
റിയാദ് : ഇരുപത്തിയഞ്ച് വയസിനു മുകളിൽ പ്രായമുള്ള വിദേശ വനിതകൾക്ക് ഒറ്റയ്ക്ക് സൗദി അറേബ്യയിൽ സന്ദർശനം നടത്താൻ അനുമതി നൽകുമെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു. പുതുതായി നിലവിൽ വരുന്ന ടൂറിസ്റ്റ് വിസയിലാണ് സ്ത്രീകൾക്ക് ഈ അവസരം ലഭിക്കുക. സൗദി ആദ്യമായി വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സൗദി ടൂറിസം വകുപ്പ് ഇതുസംബന്ധമായ കൂടുതൾ വിശദാംശങ്ങൾ പുറത്ത് വിട്ടത്.
ഇരുപത്തിയഞ്ച് വയസിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് കൂടെ ആരുമില്ലെങ്കിലും ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ടൂറിസം വകുപ്പ് മേധാവി ഉമർ അൽ മുബാറക് അറിയിച്ചു. ഇരുപത്തിയഞ്ചിൽ താഴെ പ്രായമുള്ള സ്ത്രീകളോടൊപ്പം കുടുംബാംഗങ്ങൾ ആരെങ്കിലും വേണം.
സൗദിയിലെ ചരിത്ര വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാന്‍ അവസരം നൽകുന്ന ടൂറിസ്റ്റ് വിസ ഉടൻ നിലവിൽ വരും. ഇതുസംബന്ധമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായതായി ടൂറിസം വിഭാഗം അധികൃതർ അറിയിച്ചു.
പരമാവധി മുപ്പത് ദിവസത്തെ കാലാവധിയുള്ള സിംഗിൾ എൻട്രി വിസയാണ് വിനോദ സഞ്ചാരികൾക്ക് അനുവദിക്കുക. ഈ വിസയിൽ ജോലി ചെയ്യാനോ, ഹജ്ജ് ഉംറ കർമങ്ങൾ നിർവ്‍വഹിക്കാനോ അനുവദിക്കില്ല. അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയാണ് വിസ അനുവദിക്കുക.
നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ടൂറിസ്റ്റ് വിസ അനുവദിച്ചത് വിജയകരമായിരുന്നു. 2008−2010 കാലഘട്ടത്തിൽ മുപ്പത്തിരണ്ടായിരത്തോളം വിദേശികൾ ഇങ്ങനെ സൗദി അറേബ്യയിൽ സന്ദർശനം നടത്തിയിരുന്നു. സ്ഥിരമായി ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനം രാജ്യത്തെ ടൂറിസം മേഖലയ്ക്ക് കരുത്തേകും എന്നാണു ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങളുമുണ്ടാകും.

