സൗദി അറേബ്യയിൽ : 29 പേരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
റിയാദ് : സൗദി അറേബ്യയിൽ 29 പേരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. രാജ്യത്തിനെതിരെ ചാരവൃത്തിയും ഭീകരപ്രവർത്തനങ്ങളും നടത്തിയതിനാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ 15 പേർക്കും ദമാമിലെ ഖത്തീഫിൽ ഭീകരാക്രമണം നടത്തിയതിന് 14 പേർക്കുമാണ് വധശിക്ഷ വിധിച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷ നേരത്തെ അപ്പീൽ കോടതിയും ശരിവെച്ചിരുന്നു.
ഇറാന് രാജ്യത്തിന്റെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയെന്നാണ് ചാരവൃത്തി നടത്തിയവരുടെ പേരിലുള്ള കുറ്റം. ഇറാൻ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി, ഇറാന്റെ രഹസ്യാന്വേഷണ ഏജന്റുമാർ എന്നിവരുമായി പ്രതികൾ കൂടിക്കാഴ്ച നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഇവർ ഖത്തീഫിലെ കലാപത്തെ പിന്തുണച്ചതിനുള്ള നിരവധി തെളിവുകളും കണ്ടെത്തിയിരുന്നു. വിചാരണയിൽ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.
പ്രതികളിൽ ഒരാൾ കിംങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി കൺസൾട്ടന്റും മറ്റൊരാൾ കിംങ് സൗദ് സർവ്വകലാശാലാ അധ്യാപകനുമാണ്. ചാരവൃത്തിക്കേസിൽ വധശിക്ഷ ലഭിച്ച പതിനഞ്ച് പ്രതികളും സൗദി സ്വദേശികളാണ്. ഇതേ കേസിൽ, തെളിവില്ലാത്തതിനാൽ ഒരു സൗദി സ്വദേശിയെയും ഒരു അഫ്ഗാൻ കാരനെയും കോടതി വെറുതെവിട്ടു.
അവാമിയ ടെററിസ്റ്റ് ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന പ്രാദേശികസംഘം ഖത്തീഫിൽ അന്പതിലേറെ ഭീകരാക്രമണങ്ങളും ഒട്ടേറെ സായുധ കൊള്ളകളും നടത്തിയിട്ടുണ്ട്.

