ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം : 6 പ്രതികൾ പിടിയിൽ
തിരുവനന്തപുരം : ആർഎസ്എസ് കാര്യവാഹക് വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആകെ ഏഴു പ്രതികളെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. ഇതിൽ ആറു പേരെ പിടികൂടി. ഏഴാമനെ ഉടൻ തന്നെ പിടികൂടുമെന്നും ഡിജിപി അറിയിച്ചു. മുഖ്യപ്രതി മണികണ്ഠൻ ഉൾപ്പെടെ നാലുപേരെ ഡിവൈഎസ്‌പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. മറ്റുള്ളവരുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടില്ല.
അക്രമവുമായി നേരിട്ട് ബന്ധമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. മണികണ്ഠനെ ഉന്നതപൊലീസ് ഉദ്യോഗസ്ഥർ പ്രത്യേകം ചോദ്യം ചെയ്യും. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കാട്ടാകടയ്ക്ക് സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. എത്രയും വേഗം മുഴുവൻ പ്രതികളെയും പിടികൂടുമെന്നും സംഘർഷ സാധ്യതയുള്ള മേഖലകളിൽ കൂടുതൽ സുരക്ഷയ്ക്ക് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്‌റ അറിയിച്ചു.
ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നത്. മുൻവിധികളില്ലാതെയാണ് അന്വേഷണമെന്ന് ഐജി പറഞ്ഞു. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചുനല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഗൂഢാലോചനയും അന്വേഷിക്കും. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

